ട്രാന്‍സ് സമൂഹത്തെ ബാധിച്ചിരിക്കുന്ന പ്രത്യേകതരം വെെറസ് ബാധിച്ചാണ് തനിക്ക് മകനെ നഷ്ടപ്പെട്ടതെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. കനേഡിയന്‍ മനശാസ്ത്രജ്ഞനും യാഥാസ്ഥിതിക വാദിയുമായ ജോർദാൻ പീറ്റേഴ്‌സണുമായി നടത്തിയ ടെലിവിഷന്‍ സംവാദത്തിലാണ് ഇലോണ്‍ മസ്‌കിൻ്റെ വിവാദ പ്രസ്താവന. ട്രാന്‍സ്‌ജെന്‍ഡറായ മകളെക്കുറിച്ച് സംസാരിക്കവെ, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തനിക്ക് മകനെ നഷ്ടപ്പെട്ടുവെന്നും, മകന്‍ കൊല്ലപ്പെട്ടു എന്നുമാണ് മസ്‌ക് പറഞ്ഞത്.
ക്വീർ വിരുദ്ധ നിലപാട് വിളിച്ചുപറയുന്നതില്‍ കുപ്രസിദ്ധനാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്രാന്‍സ് സമൂഹത്തെ ബാധിച്ചിരിക്കുന്നത് 'പുരോഗമന ചിന്താഗതിയുടെ വെെറസാണെന്ന മസ്‌കിന്‍റെ പരാമർശം മുൻപും വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ട്രാൻ്സജെൻഡർ മകളെകുറിച്ചുള്ള മസ്കിൻ്റെ പ്രസ്താവന.
പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കരുതെന്ന ജോർദാൻ പീറ്റേഴ്‌സണന്‍റെ അഭിപ്രായത്തോട് യോജിച്ചായിരുന്നു മസ്കിന്‍റെ പ്രതികരണം. കുട്ടികളെ വികലമാക്കുന്നതും വന്ധ്യംകരിക്കുന്നതുമാണ് ലിംഗമാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് മുന്‍പ് കൗമാര മാറ്റങ്ങളെ നിയന്ത്രിക്കുന്ന മരുന്നുകള്‍ ഇതിന്‍റെ ഭാഗമായി നല്‍കിവരുന്നത് പ്രത്യുത്പാദന ശേഷിയെ ബാധിക്കും. ഇതിന് കൂട്ടുനില്‍ക്കുന്നവരെ ജയിലിലടക്കണമെന്നാണ് ഇരുവരുടെയും നിലപാട്. 12 കുട്ടികളുള്ള മസ്‌ക് ജനസംഖ്യ കുറയുന്നു എന്ന ആശങ്ക പങ്കുവച്ചുകൊണ്ടാണ് ഈ പ്രതികരണം നടത്തിയത്.
മസ്കിൻ്റെ മകൾ വിവിയൻ ജെന്ന വില്‍സണ്‍ 16ാം വയസിലാണ് ട്രാന്‍സ് ജെന്‍ഡർ ഐഡന്‍റിന്‍റി മാതാപിതാക്കൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഈ സമയത്താണ് ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് മാതാപിതാക്കളില്‍ നിന്ന് കുട്ടി അനുമതിപത്രം നേടിയത്. എന്നാല്‍ കൊവിഡ് സമയത്തുണ്ടായ ആശക്കുഴപ്പത്തിനിടെ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സമ്മതപത്രത്തില്‍ ഒപ്പിടുവിച്ചതെന്നാണ് മസ്കിന്‍റെ പുതിയ ആരോപണം. 18 ാം വയസില്‍ അവസാന ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവിയന്‍ 2022 ലാണ് തന്‍റെ ട്രാന്‍സ് സ്വത്വം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്. തുടർന്ന് പുതിയ ജനനസർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതി സേവ്യർ എന്ന പേരുപേക്ഷിച്ച് വിവിയനായി മാറി. പേരില്‍ നിന്ന് മസ്‌ക് നീക്കി, അമ്മയുടെ സർനെയിമായ വില്‍സണ്‍ എന്നതും സ്വീകരിച്ചു. പിതാവുമായി യാതൊരു ബന്ധുത്വത്തിനും താത്പര്യമില്ലെന്നും രേഖാമൂലം വിവിയന്‍ വ്യക്തമാക്കിയിരുന്നു.
കുട്ടികളിലെ ട്രാൻസ്‌ജെൻഡർ സ്വത്വം തിരിച്ചറിയുന്ന പക്ഷം രക്ഷിതാക്കളെ അറിയിക്കേണ്ടതില്ലെന്നും, LGBTQ+ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റുകളില്‍ നിന്ന് നല്‍കണമെന്നുമുള്ള നിയമം കാലിഫോർണിയ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സും, സ്പേസ് എക്സും ടെസ്ലയില്‍ ലയിപ്പിച്ച് ടെക്‌സസിലേക്ക് പോകുമെന്ന് മസ്‍ക് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം മകളെ പരാമർശിച്ച് കൂടുതല്‍ ട്രാന്‍സ് വിരുദ്ധ പരാമർശങ്ങളുമായാണ് ഇലോണ്‍ മസ്‍ക് രംഗത്തുവരുന്നിരിക്കുന്നത്.