വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ പരാജയപ്പെട്ടതിന് 30 ഓളം ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉത്തരവിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ട് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ. കൊറിയയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഏകദേശം ആയിരത്തോളം പേർ മരിച്ചിരുന്നു. ഇവരുടെ ജീവഹാനിക്ക് ഉത്തരവാദികളെന്ന് കരുതുന്നവർക്ക് ''കർശനമായ ശിക്ഷ'' നൽകണമെന്ന് കിം ജോങ് ഉൻ ഉത്തരവിട്ടതായി ഒരു ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യ വിലോപം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ മുപ്പതോളം ഉദ്യോഗസ്ഥരെ വധിച്ചതായി ഒരു ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
ജൂലൈയിലുണ്ടായ കനത്ത മഴയിൽ ഉത്തരകൊറിയയിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും 4000 ലധികം വീടുകളെ ബാധിച്ചിരുന്നു. 15000 പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച കിം ജോങ് ഉൻ പ്രളയത്തിൽ പൂർണമായും മുങ്ങിയ സമീപപ്രദേശങ്ങൾ പുനർനിർമിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. അതേസമയം, വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം കൂടുതലാണെന്ന റിപ്പോർട്ടുകൾ കിം ജോങ് ഉൻ നിഷേധിച്ചു.