NEWSROOM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: നാലേമുക്കാൽ വർഷം റിപ്പോർട്ട് ഫ്രീസറിൽ വെച്ചു, ആരെ സംരക്ഷിക്കാനെന്ന് സർക്കാർ വ്യക്തമാക്കണം: കെ.കെ. രമ

ഡബ്ല്യൂസിസിയെയും സിനിമ മേഖലയിലെ സ്ത്രീകളെയും പച്ചയായി സർക്കാർ പറ്റിച്ചു. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാരെന്നും രമ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിക്ഷേധിച്ചതിനു പിന്നാലെ പ്രതികരിച്ച് കെ.കെ. രമ എം.എൽഎ.  വിവരാവകാശ കമ്മീഷൻ പുറത്തുവിടണമെന്ന് പറഞ്ഞ പേജുകൾ സർക്കാർ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും ആരെ സംരക്ഷിക്കാനാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും രമ പറഞ്ഞു. 

ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണൽ ഒരുക്കുന്ന നാണംകെട്ട സർക്കാരാണ് എൽഡിഎഫ്. ഡബ്ല്യൂസിസിയെയും സിനിമ മേഖലയിലെ സ്ത്രീകളെയും പച്ചയായി സർക്കാർ പറ്റിച്ചു. നാലേമുക്കാൽ വർഷം ഹേമകമ്മിറ്റി റിപ്പോർട്ട് ഫ്രീസറിൽ വെച്ചു. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ പലരും ശ്രമിച്ചു. ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുകയാണ് സർക്കാർ. വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നെന്നും രമ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് കൊണ്ടുവന്നെങ്കിലും ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാൻ ആവില്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിൻ്റെ നീരിക്ഷണം. റിപ്പോർട്ടിന്മേൽ സർക്കാർ അന്വേഷണം നടത്തുന്നില്ലെന്നും സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. പ്രതിപക്ഷ എംഎൽഎ കെ.കെ. രമയാണ് അടിയന്തര പ്രമേയത്തിന് സഭയിൽ നോട്ടീസ് നൽകിയത്.

SCROLL FOR NEXT