മലയാള സിനിമാ മേഖലയില്‍ നിന്നും ഉയരുന്ന ലൈംഗികാതിക്രമ പരാതികളില്‍ പ്രത്യേക അന്വേഷണ സംഘം വേഗത്തില്‍ കുറ്റപത്രം സമർപ്പിച്ചാൽ അത് മാതൃകാപരമായ പ്രവർത്തനമായി മാറുമെന്ന് കെ.കെ. ശൈലജ എംഎല്‍എ. സാംസ്കാരിക വകുപ്പ് സിനിമാ നയം രൂപീകരിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മട്ടന്നൂർ എംഎല്‍എ പറഞ്ഞു. നിലവിലെ അവസരം പ്രയോജനപ്പെടുത്തി സിനിമ സെറ്റുകളില്‍ പരാതി പരിഹാര സമിതികളടക്കമുള്ള പരിഷ്കരണങ്ങള്‍ക്കായുള്ള ഇടപെടലുകള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് കെ.കെ. ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഗസ്റ്റ് 25നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത് 23 കേസുകളാണ്. എന്നാല്‍, വിഷയത്തില്‍ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് കിട്ടിയതാണ്. അതില്‍ ഒരു ചെറുവിരലെങ്കിലും അനക്കിയോ എന്നും കോടതി ചോദിച്ചു.
സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന കോടതിയുടെ ചോദ്യത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്‍കിയത്. അതിന് പിന്നാലെ എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നും കോടതി ചോദിച്ചു. റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിച്ചതെന്നും കോടതി ചോദിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന നിര്‍ദേശമുണ്ടായതിനാലാണ് നടപടിയെടുക്കാത്തതെന്ന് എ.ജി. അറിയിച്ചു.
കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഓരോ പരാതിയിലും ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി എത്രയും വേഗം ചാർജ്ഷീറ്റ് സമർപ്പിച്ചാൽ അതൊരു മാതൃകാപരമായ പ്രവർത്തനമായി മാറും. സിനിമാ മേഖലയിലെ വനിതാ പ്രവർത്തകരുടെ പരാതി സ്വീകരിച്ച് ഗവൺമെൻ്റ് പ്രശ്നങ്ങൾ പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിശ്ചയിക്കുകയും സ്പെഷ്യൽ അന്വേഷണ ടീമിനെ നിശ്ചയിക്കുകയും ചെയ്തത് ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റുനോക്കുന്ന കാര്യമാണ്.
ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്താനും സെറ്റിൽ ഐസിസി രൂപീകരണം, പ്രാഥമിക സൗകര്യങ്ങൾ ഒരുക്കൽ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തൽ തുടങ്ങി നിരവധി ഇടപെടലുകൾ നടത്താനും കഴിയും. സാംസ്കാരിക വകുപ്പ് പുതിയ സിനിമാ നയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നു. SITയുടെ പ്രവർത്തനം ത്വരിതഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.