NEWSROOM

KKR vs GT | കൊല്‍ക്കത്തയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തി ഗുജറാത്ത്; ജയം 39 റണ്‍സിന്

നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുന്‍ ചാംപ്യന്‍മാര്‍ അടിച്ചെടുത്തത് 198 റണ്‍സ് ആയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഗുജറാത്ത് ഉയര്‍ത്തിയ 199 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ കൊല്‍ക്കത്ത പരാജയം സമ്മതിച്ചു. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ജൈത്രയാത്രയും തുടരുന്നു. 


നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുന്‍ ചാംപ്യന്‍മാര്‍ അടിച്ചെടുത്തത് 198 റണ്‍സ് ആയിരുന്നു. നായകന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഗംഭീര പ്രകടനമാണ് ഗുജറാത്ത് ബാറ്റര്‍മാര്‍ നടത്തിയത്. 55 പന്തില്‍ പത്ത് ഫോറും മൂന്ന് സിക്‌സും അടക്കം 90 റണ്‍സാണ് ഗില്‍ നേടിയത്. വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഗുജറാത്തിന്റേത്. 24 ഫോറുകളും അഞ്ച് സിക്‌സറുമാണ് ഗുജറാത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത്.

ഓപ്പണര്‍മാരായ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് 74 പന്തില്‍ 114 റണ്‍സ് ആണ് വാരിക്കൂട്ടിയത്. സായ് സുദര്‍ശന്‍ ആറ് ഫോറും ഒരു സിക്‌സും അടക്കം 52 പന്തില്‍ 36 റണ്‍സ് നേടി. ആന്ദ്രെ റസലിന്റെ പന്തില്‍ സായ് പുറത്തായപ്പോള്‍ പിന്നാലെ എത്തിയ ജോസ് ബട്‌ലര്‍ 23 പന്തില്‍ എട്ട് ബൗണ്ടറികള്‍ അടക്കം 41 റണ്‍സ് നേടി. രാഹുല്‍ ടെവാത്തിയ മാത്രമാണ് ഗുജറാത്ത് ബാറ്റിങ് നിരയില്‍ റണ്‍സ് നേടാതെ മടങ്ങിയത്. ഷാരൂഖ് ഖാന്‍ 5 പന്തില്‍ 11 റണ്‍സ് നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം മാത്രം സ്വന്തമായുള്ള നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ആ ശ്രമമാണ് ഗുജറാത്ത് ബാറ്റര്‍മാരും ബൗളര്‍മാരും ചേര്‍ന്ന് തല്ലിത്തകര്‍ത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തന്നെ മോശമായിരുന്നു. ആദ്യ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയ്ക്ക് നേടാനായത്. ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസ് (1), സുനില്‍ നരെയ്ന്‍ (17) വിക്കറ്റുകള്‍ ആദ്യം തന്നെ നഷ്ടമായി. സിറാജാണ് ഗുര്‍ബാസിനെ മടക്കിയത്.

ആദ്യ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ തന്നെ കൊല്‍ക്കത്തയുടെ വിധി ഏതാണ്ട് ഉറപ്പായിരുന്നു. എങ്കിലും നാണംകെട്ട തോല്‍വി ഒഴിവാക്കാന്‍ അവസാനം വരെ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ ശ്രമിച്ചു.  എങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 159 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 50 റണ്‍സ് നേടിയ നായകന്‍ അജിങ്ക്യ രഹാനെ മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങിയത്.

SCROLL FOR NEXT