വയനാടിന് വേണ്ടി മുംബൈയിൽ മാരത്തോൺ ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാം. റൺ ഫോർ വയനാട് എന്ന് കുറിച്ച ജേഴ്‌സി അണിഞ്ഞായിരുന്നു കെ.എം. എബ്രഹാം മുംബൈ മാരത്തണിൽ ഓടാനെത്തിയത്. വയനാടിൻ്റെ ഉള്ളുലച്ച ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്ക് ഐക്യദാർഢ്യവുമായാണ് മുംബൈ മാരത്തണിൽ പങ്കെടുക്കുന്നതെന്ന് ഡോ. കെ.എം. എബ്രഹാം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
42 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തണിലാണ് കെ.എം. എബ്രഹാം പങ്കെടുത്തത്. ഇതിനായി എബ്രഹാമിന്, മുഖ്യമന്ത്രി പിണറായി വിജയൻ ജേഴ്സിയും ഫ്ലാഗും കൈമാറിയിരുന്നു. “റൺ ഫോർ വയനാട് " എന്ന ആശയത്തിൽ തയാറാക്കിയ എബ്രഹാമിൻ്റെ ജേഴ്സിയിലും മാരത്തൺ ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ടായിരുന്നു. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജേഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വയനാടിന് വേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മാരത്തണിന് ശേഷം എബ്രഹാം പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിൻ്റെ ചെയർമാണ കൂടിയാണ് ഡോ. കെ.എം. എബ്രഹാം. നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.