മാധ്യമപ്രവർത്തകൻ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇന്നും കോടതിയില്‍ ഹാജരായില്ല. ജോലിത്തിരക്കെന്ന്
വിശദീകരണം നൽകിയാണ് കോടതിയിൽ ഹാജരാകാതെയിരുന്നത്. നാലാം തവണയാണ് ശ്രീറാം വെങ്കിട്ടരാമൻ കോടതിയില്‍ ഹാജരാകാരാകാതെയിരിക്കുന്നത്.
കേസ് അടുത്തമാസം 16ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെക്ഷൻ കോടതിയിൽ ഹാജരാവാനാണ് നിർദേശം നൽകിയത്. എന്നാൽ ഹാജരാവാൻ സാധിക്കില്ലെന്ന വിശദീകരണമാണ് തിരികെ നൽകിയത്. ഇതോടെ കുറ്റപത്രം വായിക്കുന്നത് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതി മാറ്റിവച്ചു. ആഗസ്റ്റ് 16 ലേക്കാണ് കേസ് മാറ്റിയത്. സംഭവം നടന്ന് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ഇനിയും കേസിൽ വിചാരണ തുടങ്ങാനായിട്ടില്ല.
ശ്രീറാം വെങ്കിട്ടരാമൻ മാത്രമാണ് കേസിൽ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. പിന്നീടാണ് സത്യാവസ്ഥ പുറത്തുവരുന്നത്.
2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് കെ.എം ബഷീർ മരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടറാമിനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി പകരം ധനവകുപ്പ് ജോയിൻ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.