NEWSROOM

Kerala Budget 2025| ബജറ്റ് അവതരണത്തില്‍ ട്രംപിന് വിമര്‍ശനം; ശ്രദ്ധേയമായി ധനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

"പനാമ കനാല്‍ തന്റെ സ്വന്തമാണെന്നും ഗ്രീന്‍ലാന്‍ഡ് ഞങ്ങളിങ്ങെടുക്കുകയാണെന്നും ഗാസയിലെ മനുഷ്യരെ കുടിയൊഴിപ്പിച്ച് അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും പറയുന്ന വ്യക്തി ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ഭരണാധികാരിയായി വീണ്ടുമെത്തിയിരിക്കുന്നു"

Author : ന്യൂസ് ഡെസ്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. ഉപസംഹാരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി.

സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് ലോകം കടന്നു പോകുന്നത് എന്ന് തുടങ്ങിയായിരുന്നു ഉപസംഹാരം. ജനാധിപത്യത്തിന്റെ തകര്‍ച്ചയും ഭരണ സംവിധാനങ്ങളുടെ ദുര്‍ബലപ്പെടലും ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിച്ചിരിക്കുന്നുവെന്ന് ബജറ്റ് അവതരണത്തിന്റെ അവസാന ഭാഗത്ത് ധനമന്ത്രി പറഞ്ഞു.

രാഷ്ട്രീയവും സാമൂഹികവുമായ മാന്യതയുടെ സീമകളെല്ലാം ലംഘിച്ച് ഏകാധിപത്യത്തിന്റേയും സ്വേച്ഛാധിപത്യത്തിന്റേയും ശബ്ദം മുഴങ്ങുന്നു.

പനാമ കനാല്‍ തന്റെ സ്വന്തമാണെന്നും ഗ്രീന്‍ലാന്‍ഡ് ഞങ്ങളിങ്ങെടുക്കുകയാണെന്നും ഗാസയിലെ മനുഷ്യരെ കുടിയൊഴിപ്പിച്ച് അവിടെ ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും പറയുന്ന വ്യക്തി ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ഭരണാധികാരിയായി വീണ്ടുമെത്തിയിരിക്കുന്നു.

ലോകമാകെ ഭയത്തിന്റേയും വെറുപ്പിന്റേയും യുദ്ധവെറിയുടേയും അന്തരീക്ഷം സംജാതമാകുന്നു. ഇത് കൊളോണിയല്‍ കാലത്തോ മഹായുദ്ധ കാലങ്ങളിലോ ഉണ്ടായിരുന്ന സാഹചര്യത്തിലേക്ക് ലോകത്തെ എത്തിക്കുകയാണോ എന്ന ഭയം പലര്‍ക്കുമുണ്ട്. ഈ അന്തര്‍ദേശീയ സാഹചര്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം നമ്മുടെ നാട്ടിലുമുണ്ടാകും. ഇതിനെ നേരിടാന്‍ കേരളവും സജ്ജരാകേണ്ടതുണ്ടെന്നും ജനാധിപത്യ മതേതര മൂല്യങ്ങളേയും പുരോഗമന കാഴ്ചപ്പാടുകളേയും ശക്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ ഒന്നിച്ച് കൈകോര്‍ക്കേണ്ട കാലമാണെന്നും ഓര്‍മിപ്പിച്ചായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

ക്ഷേമത്തിലും വികസനത്തിലും പണം കണ്ടെത്താന്‍ പുതിയ വഴികള്‍ തുറന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്. പെന്‍ഷന്‍കാരുടെ 600 കോടി രൂപയുടെ കുടിശിക ഈ വര്‍ഷം തന്നെ നല്‍കും. രണ്ടു ഗഡു ശമ്പള പരിഷ്‌കാര കുടിശികയും ഈ വര്‍ഷം നല്‍കും. ശമ്പളക്കാരുടെ രണ്ടു ഗഡു ഡിഎ കുടിശിക പിഎഫിലേക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ലയിപ്പിക്കും.

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് ആദ്യഘട്ടമായി 750 കോടി രൂപ വകയിരുത്തി. ഭൂനികുതിയില്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചും കോടതി വ്യവഹാരച്ചെലവ് കൂട്ടിയുമാണ് അധിക വിഭവ സമാഹരണം.കോടതി ഫീസുകള്‍ പരിഷ്‌കരിക്കും. ഇതുവഴി 150 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കോടതി ഫീസ് പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് വര്‍ധനയെന്നും ധനമന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT