NEWSROOM

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം; ഇനിയും കേന്ദ്രത്തെ സമീപിക്കും: കെ.എൻ. ബാലഗോപാൽ

ജനങ്ങളുടെ സാഹചര്യം മനസിലാക്കി വേണം പ്രവര്‍ത്തിക്കാനെന്നും ധനമന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും കണ്ടതാണ് വയനാട്ടിലെ സാഹചര്യം. ജനങ്ങള്‍ക്ക് ചെയ്തു നല്‍കാവുന്നതിന്റെ പരമാവധി സംസ്ഥാനം ചെയ്യുന്നുണ്ട്. ജനങ്ങളുടെ സാഹചര്യം മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഇനിയും കേന്ദ്രത്തെ സമീപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. കേരളത്തിന്റെ അത്രപോലും ദുരന്തം ബാധിക്കാത്ത മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായി. വയനാട് ദുരന്തം നടന്ന ചൂരല്‍മലയില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച് സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മൂന്നുമാസമായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ പുനരധിവാസ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നും സഹായം ലഭിക്കാന്‍ അത് നല്ലരീതിയില്‍ സ്വാധീനം ചെലുത്തുമായിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിതള്ളുക എന്നത് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും കേന്ദ്രത്തില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കേരളത്തിന്റെ അത്ര തന്നെ ദുരന്തങ്ങള്‍ ബാധിക്കാത്ത മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായി. നേരത്തെ പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും ദുരിതാശ്വാസമായിട്ട് ഫണ്ടുകള്‍ തരാമെന്ന് വാഗ്ദാനം ചെയ്തു. അതിനായി മന്ത്രിമാരെ വിവിധ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം അതും മുടക്കുന്ന നിലപാടാണ് സ്വീകരിച്ചത്,'എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുതാത്പര്യത്തോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നില്‍ക്കുന്നില്ല എന്ന് മാത്രമല്ല, നേരെ വിപരീതമായ നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. കേന്ദ്രത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരായ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട് എന്നാണ് കാണുന്നത്. പ്രളയകാലത്തെ സാലറി ചലഞ്ചിനെ വരെ എതിര്‍ത്ത യുഡിഎഫ് കേരളത്തിന്റെ പൊതു താല്‍പ്പര്യത്തിനൊപ്പമല്ല നിലകൊള്ളുന്നതെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.


വയനാടിനെ കയ്യൊഴിയുന്ന മോദി സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീമും പറഞ്ഞു. കേരളത്തോട് കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ് ഉള്ളതെന്നും തൃശൂരില്‍ താമര വിരിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ലെന്നും എ.എ. റഹീം പറഞ്ഞു.

'ലോകത്തിന് മുന്നില്‍ ഞെട്ടലുണ്ടാക്കിയ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചിരുന്നതാണ്. വയനാടിനെ കയ്യൊഴിയുന്ന മോദി സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണ്. കേരളത്തോട് കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ്. തൃശൂരില്‍ താമര വിരിഞ്ഞിട്ടും കേരളത്തെ സഹായിക്കുന്നില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഡിവൈഎഫ്‌ഐ ഉയര്‍ത്തി കൊണ്ട് വരും. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തും. പാര്‍ലമെന്റില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. കോണ്‍ഗ്രസിന്റെ പ്രശ്‌നം ഇതൊന്നുമല്ല. ബിജെപിക്ക് എതിരെ സമരത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് വന്നാല്‍ ഒപ്പം നിന്ന് സമരം ചെയ്യാന്‍ തയ്യാര്‍,' എ.എ. റഹീം പറഞ്ഞു.


SCROLL FOR NEXT