NEWSROOM

ഗുരുതര കുറ്റകൃത്യങ്ങളെപ്പറ്റി അറിഞ്ഞിട്ടും മറച്ചുവെച്ചു; പി.വി. അൻവറിനെതിരെ ഡിജിപിക്ക് പരാതി നല്‍കി അഡ്വ. ഷോണ്‍ ജോർജ്

എഡിജിപി എം.ആർ. അജിത് കുമാർ, എസ്‍പി സുജിത് ദാസ് എന്നിവർ നടത്തിയ കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അന്‍വർ മറച്ചുവെച്ചുവെന്നും ഷോണ്‍ ജോർജ് ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

 നിലമ്പൂർ എംഎല്‍എ പി.വി. അൻവറിനെതിരെ ഡിജിപിക്ക് പരാതി നല്‍കി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോർജ്. ഗുരുതര കുറ്റകൃത്യങ്ങളെപ്പറ്റി അറിഞ്ഞിട്ടും പി.വി. അൻവർ മറച്ചുവെച്ചെന്നാണ് പരാതി. 

അന്‍വറിന്‍റെ ടിവി ചാനല്‍ അഭിമുഖങ്ങളിലും പ്രസ്താവനകളിലും നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പ്രവർത്തനങ്ങള്‍ എംഎല്‍എക്ക് മുന്‍പ് തന്നെ അറിയാമെന്ന് വ്യക്തമാണ്. എഡിജിപി എം.ആർ. അജിത് കുമാർ, എസ്‍പി സുജിത് ദാസ് എന്നിവർ നടത്തിയ കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അന്‍വർ മറച്ചുവെച്ചുവെന്നും ഷോണ്‍ ജോർജ് ആരോപിച്ചു.

എസ്‌പിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്ക്വാഡ് ഉദ്യോഗസ്ഥർ സ്വർണക്കടത്തിന് കൂട്ടുനില്‍ക്കുകയാണെന്നും പിടിക്കുന്ന സ്വർണത്തിന്‍റെ പകുതി അടിച്ചുമാറ്റുകയാണെന്നും എംഎല്‍എ ആരോപിച്ചിരുന്നു. കൂടാതെ, കോഴിക്കോട് സ്വദേശി മാമിയുടെ തിരോധാനം, എടവണ്ണ റിദാന്‍ കൊലപാതകം എന്നിവയില്‍ ദുരൂഹതയുണ്ടെന്നും അന്‍വർ പറഞ്ഞിരുന്നു. എഡിജിപി എം.ആർ. അജിത് കുമാറിന് കൊല്ലാനും കൊല്ലിക്കാനും അറിയാമെന്ന് എസ്‍പി സുജിത് ദാസ് പറയുന്ന ശബ്ദ രേഖയും എംഎല്‍എയും പുറത്തുവിട്ടിരുന്നു.

ഈ കാര്യങ്ങള്‍ പുറത്ത് വന്നിട്ടും നിയമം അനുശാസിക്കുന്ന നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും ഷോണിന്‍റെ പരാതിയില്‍ പറയുന്നു. ഈ രീതിയില്‍ കുറ്റകൃത്യം മറച്ചുവെച്ചതിന് കേസെടുക്കണമെന്നാണ് ഷോണിന്‍റെ ആവശ്യം. 

SCROLL FOR NEXT