കൊച്ചി മെട്രോ സ്റ്റേഷനിൽ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനായുള്ള എക്സൈസ് വകുപ്പിന്റെ മറുപടിക്കായി ബെവ്‌കോ. ലൈസൻസിന് വേണ്ടി അപേക്ഷ നൽകി. വടക്കേ കോട്ട, വൈറ്റില എന്നിവടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ബെവ്കോ ഔട്ട്ലെറ്റ് തുടങ്ങുക. ബെവ്‌കോയുടെ ആവശ്യം എക്സൈസിന്റെ പരിഗണനയിലാണ്. ലൈസൻസ് ലഭിച്ചാൽ ഉടൻ പ്രവർത്തനം തുടങ്ങും. മറ്റു സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നത് പിന്നീട് ആലോചിക്കും.
വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കുക. ബെവ്കോയുടെ ആവശ്യപ്രകാരം ഈ രണ്ടു സ്‌റ്റേഷനുകളിലും കൊച്ചി മെട്രോ സ്ഥലം അനുവദിച്ചിരുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന്റെ തുടർചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം മെട്രോ സ്റ്റേഷനുകളിലെ ബെവ്കോ ഔട്‌ലെറ്റുകൾ സ്ഥാപിക്കുന്നതിൽ ആളുകൾക്ക് സമ്മിശ്ര പ്രതികരണമാണ്.
മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഏഴ് സ്റ്റേഷനുകളിൽ പേ - ആൻഡ് - പാർക്ക് സംവിധാനമൊരുക്കി വരുമാനം നേടാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കെഎംആർഎൽ. മുമ്പ് ബാങ്കുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും മെട്രോ സ്‌റ്റേഷനുകളിൽ സ്ഥലം അനുവദിച്ചിരുന്നു. കളമശേരി മെട്രോ സ്‌റ്റേഷനിലും വാണിജ്യാടിസ്ഥാനത്തിൽ സ്ഥലം അനുവദിച്ചിട്ടുണ്ട്.