NEWSROOM

ARM സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചു; അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പോലീസ്

ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാൾ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ടോവിനോ ചിത്രമായ അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് കൊച്ചി സൈബർ പോലീസ്. ഇന്ന് ചിത്രത്തിന്റെ സംവിധായകനും പരാതിക്കരനുമായ ജിതിൻ ലാലിന്റെ മൊഴി എടുക്കും. മൊഴിയുടെ അടിസ്ഥാനത്തിലാവും കേസ് രജിസ്റ്റർ ചെയുക. ടെലിഗ്രാമിലൂടെയാണ് സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത്.


ചിത്രത്തിന്റെ വ്യാജ പതിപ്പ് ഒരാൾ ഇരുന്ന് കാണുന്നതിന്റെ വീഡിയോ സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ രം​ഗത്ത് വന്നിരുന്നു. ഓണക്കാലത്ത് റിലീസിനെത്തിയ മലയാള സിനിമകളിൽ അജയന്റെ രണ്ടാം മോഷണം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബിലും ഇടം നേടിയിരുന്നു.


മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 2D, 3D ഫോര്‍മാറ്റുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

SCROLL FOR NEXT