ശമ്പള ആനുകൂല്യങ്ങൾക്കായി സമരം ചെയ്ത ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി കൊച്ചി ലേക്‌ഷോർ ആശുപത്രി. ഇൻചാർജർമാരും യൂണിയൻ നേതാക്കളും ഉൾപ്പെടെ 48 പേരുടെ ആനുകൂല്യങ്ങൾ ആശുപത്രി അധികൃതർ തടഞ്ഞുവച്ചു. തുടർച്ചയായ ചർച്ചകൾക്ക് ഒടുവിലാണ് കൊച്ചി ലേക്‌ഷോർ ആശുപത്രി ജീവനക്കാർക്ക് ഓണത്തിനുള്ള ശമ്പള ആനൂകൂല്യങ്ങൾ നൽകാൻ ആശുപത്രി അധികൃതർ തയാറായത്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്ത 48 പേരുടെ ആനൂകൂല്യങ്ങൾ ഇപ്പോഴും തടഞ്ഞു വച്ചിരിക്കുകയാണ്.
പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ആശുപത്രിയിലെ 3000 ത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാൻ അധികൃതർ തയ്യാറായി. എന്നാൽ പ്രതിഷേധം സംഘടിപ്പിച്ചതിൻ്റെയും, സംഘടനയിൽ ചേർന്നതിൻ്റെയും പ്രതികാരമെന്നോണം 8 യൂണിയൻ നേതാക്കളുടെയും, 40 ഇൻചാർജർമാരുടെയും ആനൂകൂല്യങ്ങൾ തടഞ്ഞു വച്ചെന്നാണ് യുണൈറ്റഡ് നേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ആരോപിക്കുന്നത്.
ALSO READ: നിർമാണം പൂർത്തിയായിട്ടും സേവനങ്ങൾ ആരംഭിച്ചില്ല; രോഗികളെയും കൂട്ടിരിപ്പുകാരെയും വലച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ റെയിൽവേ ബുക്കിങ് കൗണ്ടർ
ബാക്കി ഉള്ളവരുടെ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ മുഴുവൻ ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ഓണത്തിന് ശമ്പള അനുകൂല്യങ്ങൾ ലഭിക്കാതായതോടെയാണ് ലേക്‌ഷോർ ആശുപത്രിയിലെ ജീവനക്കാർ ഗേറ്റിന് മുന്നിൽ കഞ്ഞി വച്ചു സമരം നടത്തിയത്.