കൊച്ചി തീരത്തിന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ കപ്പൽ മുങ്ങിയുണ്ടായ അപകടത്തിന് പിന്നാലെ കപ്പൽ കമ്പനിക്ക് മലിനീകരണ ബാധ്യതാ മുന്നറിയിപ്പ് നൽകി കൊച്ചിയിലെ മെർക്കൻ്റൈൽ മറൈൻ ഡിപ്പാർട്ട്മെൻ്റ് (MMD). കടലിലെ കണ്ടെയ്നറുകൾ പുറത്തെടുക്കുമെന്നും, കപ്പൽ വീണ്ടെടുക്കാൻ എംഎസ്‌സി കമ്പനി ടി ആൻഡ് ടി സൽവേജിന് ചുമതല നൽകിയെന്നും അധികൃതർ വ്യക്തമാക്കി. നൂറിലധികം കണ്ടെയ്നറുകൾ അപകടമേഖലയിൽ ഒഴുകി നടക്കുന്നുണ്ട്.
MSC എൽസ കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള എണ്ണ ചോർച്ച നിയന്ത്രിക്കാൻ കോസ്റ്റ് ഗാർഡ് നടപടികൾ തുടരുകയാണ്. കപ്പൽ മുങ്ങി മണിക്കൂറുകൾക്കകം പ്രദേശത്ത് എണ്ണപ്പാട വ്യാപിച്ചിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ 'സക്ഷം' പ്രദേശത്ത് എണ്ണപ്പാട നീക്കുന്ന പ്രവർത്തനം തുടരുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ തന്നെ ഡോർണിയർ വിമാനം സ്ഥലത്ത് നിരീക്ഷണം നടത്തി എണ്ണ നീക്കാനുള്ള കെമിക്കലുകൾ നിക്ഷേപിച്ചിട്ടുണ്ട്.
കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 1.5 മുതൽ രണ്ട് നോട്ട് വരെ വേഗതയിൽ എണ്ണപ്പാട തെക്കു-കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നതായി കണ്ടെത്തി. 100ലധികം ചരക്ക് കണ്ടെയ്നറുകൾ പ്രദേശത്ത് പൊങ്ങിക്കിടക്കുകയും ചിലത് തുറന്ന് ചരക്ക് ചോരുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്ത് കൂടി പോകേണ്ട എല്ലാ കപ്പലുകളെയും വഴി തിരിച്ചുവിട്ടു. മുങ്ങിയ കപ്പൽ വീണ്ടെടുക്കാനുള്ള നടപടികളും ഉടൻ തുടങ്ങും. ഇതിനായി കപ്പൽ കമ്പനി സാൽവേജ് കമ്പനിയെ നിയമിച്ചിട്ടുണ്ട്.
അതേസമയം, കൊച്ചിയിൽ മുങ്ങിയ ചരക്ക് കപ്പലിൽ നിന്നുള്ള കണ്ടെയ്നർ വർക്കല മാന്തറ ബീച്ചിന്റെ തീരത്തടിഞ്ഞു. തിങ്കളാഴ്ച രാത്രി രണ്ടര മണിയോടെയാണ് അയിഴൂർ പൊലീസിൽ ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉടനെ പ്രദേശത്ത് പൊലീസ് നിരീക്ഷണം ഉറപ്പാക്കി.
അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിൽ ഉള്ള പാഴ്സലുകൾ ഒഴുകി നടക്കുന്നതായും കോസ്റ്റൽ പൊലീസ് അറിയിച്ചു. പാപനാശം തീരത്ത് കൂടി ഒഴുകിനടന്ന പൊളിഞ്ഞ കണ്ടെയ്നർ വർക്കല ടൂറിസം പൊലീസും നാട്ടുകാരും ചേർന്ന് കയറുകെട്ടി കരയിലേക്ക് വലിച്ച് കയറ്റി കെട്ടിയിട്ടിട്ടുണ്ട്.