സർവീസ് തുടങ്ങിയിട്ട് 18 മാസം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ നേട്ടം കൈ വരിച്ചിരിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ വിവിധ റൂട്ടുകളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സർവീസ് ആരംഭിച്ച് വെറും 18 മാസങ്ങൾ പിന്നിടുമ്പോഴേക്കും നേട്ടങ്ങളുടെ പട്ടികയാണ് കൊച്ചി വാട്ടർ മെട്രോ നിരത്തുന്നത്.
ഈ മാസം 22 ന് ഹൈക്കോർട്ട് -ഫോർട്ട് കൊച്ചി റൂട്ടിൽ മാത്രം 13,261 പേരാണ് യാത്ര ചെയ്തത്. ദിവസേന 10, 878 പേർ ഈ റൂട്ടിലുടെ യാത്ര ചെയ്യുന്നു. ഇതിന് പുറമെയാണ് മൂവായിരത്തിലധികം പുതിയ യാത്രക്കാരും വാട്ടർ മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ 40 ഓളം അധിക ട്രിപ്പുകളാണ് കെഎംആർഎൽ നടത്തിയത്. ഇതോടെ ഫോർട്ട് കൊച്ചി-ഹൈക്കോർട്ട് റൂട്ടിൽ മാത്രം നടത്തിയ ട്രിപ്പുകളുടെ എണ്ണം 202 ആയി ഉയർന്നു.
യാത്രക്കാർക്ക് പുറമെ ടൂറിസ്റ്റുകളും വാട്ടർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയതും വാട്ടർ മെട്രോയുടെ കുതിപ്പിന് കാരണമായി. മട്ടാഞ്ചേരി അടക്കമുള്ള ടൂറിസ്റ്റ് മേഖലകളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. കുറഞ്ഞ ചിലവിൽ ലോക നിലവാരത്തിലുള്ള ബോട്ട് യാത്രയും കാഴ്ച്ചകളുമാണ് വാട്ടർ മെട്രോയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
നിലവിൽ ഓരോ 25 മിനിറ്റ് ഇടവിട്ട് ആണ് സർവീസ്. തിരക്ക് വർധിക്കുന്നത് അനുസരിച്ച് കൂടുതൽ സർവീസ് ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. രണ്ടു മാസത്തിനകം കടമക്കുടി - പാലിയംതുരുത്ത്, ഹൈക്കോടതി - മട്ടാഞ്ചേരി എന്നീ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ വിനോദ സഞ്ചരിക്കളുടെ എണ്ണത്തിലും വൻ വർധനവാണ് പ്രതിക്ഷിക്കുന്നത്. ഫോർട്ട് കൊച്ചി വഴി വൈപ്പിൻ- മട്ടാഞ്ചേരി സർവീസും വാട്ടർ മെട്രോയുടെ പരിഗണനയിലുണ്ട്.