കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി. കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. ഈ മാസം 22നാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
2010ൽ ന്യൂ മാഹിയിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് കൊടി സുനി. ഈ കേസിന്‍റെ വിചാരണ വേളയിൽ മാത്രം ജില്ലയിൽ പ്രവേശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും 2012 മെയ് നാലിന് ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയുമാണ് കൊടി സുനി. ഇത് അടക്കം 37 ക്രിമിനൽ കേസുകളാണ് കൊടി സുനിക്കെതിരെയുള്ളത്. ടി.പി വധക്കേസില്‍ ജയില്‍ ശിക്ഷ ലഭിച്ച സുനി അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ സുനിക്ക് പരോള്‍ അനുവദിക്കുകയായിരുന്നു. തവനൂര്‍ ജയിലില്‍ നിന്ന് ഡിസംബർ അവസാനമാണ് കൊടി സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവദിച്ചത്. ജയില്‍ ഡിജിപിക്ക് മാത്രമായി പരോള്‍ അനുവദിക്കാനാവില്ല എന്നായിരുന്നു കെ.കെ. രമയുടെ പ്രതികരണം.