NEWSROOM

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: കേരളത്തില്‍ ഇന്ന് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം

പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തിനുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും ഇന്ന് യുവ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിച്ചാണ് യുവ ഡോക്ടര്‍മാരുടെ പ്രതിഷേധം. പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരത്തിനുണ്ട്. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ (KMPGA) ആണ് സമരം പ്രഖ്യാപിച്ചത്.

അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നും കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടണമെന്നുമാണ് ആവശ്യം. ജോയിന്റ് ആക്ഷന്‍ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തില്‍ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. ഇന്ന് സംസ്ഥാനത്ത് കരിദിനമായും ആചരിക്കും. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടര്‍മാരും ഇന്ന് സമരത്തിന്റെ ഭാഗമാകും.

Also Read: കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ലോകം മുഴുവൻ ചോദിക്കുന്നു, നീതി എവിടെ!

കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണമെന്നും സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യത്തുടനീളവും പൊതു-സ്വകാര്യ ആശുപത്രികളിലെയും സേവനങ്ങള്‍ 24 മണിക്കൂര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 17ന് ശനിയാഴ്ച രാവിലെ ആറിന് ആരംഭിക്കുന്ന സമരം ഞായറാഴ്ച രാവിലെ ആറ് മണിക്കാണ് അവസാനിക്കുക. അത്യാഹിത, കാഷ്വാലിറ്റി സേവനങ്ങളെ സമരം ബാധിക്കില്ല.


രാജ്യത്തെ ഏകദേശം നാല് ലക്ഷം ഡോക്ടര്‍മാരെയും, 400ഓളം മെഡിക്കല്‍ കോളേജുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎംഎ.

SCROLL FOR NEXT