NEWSROOM

കൊൽക്കത്ത ബലാത്സംഗക്കൊല: ദേശീയ ടാസ്‌ക് ഫോഴ്‌സിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി, കേസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്ത ബലാത്സംഗക്കൊലയിൽ കോടതി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സിൽ (എൻടിഎഫ്) അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. ദീപാവലി അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാജ്യത്തുടനീളമുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് സുരക്ഷ വർധിപ്പിക്കുന്നത് സംബന്ധിച്ച് ശുപാർശകൾ നൽകാൻ കോടതി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സിൽ (എൻടിഎഫ്) സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഓഗസ്റ്റ് 20ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് രൂപീകരിച്ച എൻടിഎഫ് സെപ്തംബർ 9ന് ശേഷം ഒരു യോഗവും നടത്താത്തതിലാണ് കോടതി നിരാശ അറിയിച്ചത്.


എന്തുകൊണ്ടാണ് സെപ്തംബർ 9ന് ശേഷം കൂടിക്കാഴ്ച്ച നടത്താത്തതെന്ന് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. എൻടിഎഫ് പതിവായി മീറ്റിംഗുകൾ നടത്തണമെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ അതിൻ്റെ ചുമതല പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

28 സർക്കാർ മെഡിക്കൽ കോളേജുകളിലെ 90 മുതൽ 98 ശതമാനം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി സർക്കാർ അറിയിച്ചു. എന്നാൽ സർക്കാർ അവകാശപ്പെടുന്ന വികസന പ്രവർത്തനങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. സുരക്ഷാ ഓഡിറ്റിനുള്ള കമ്മിറ്റിയിൽ ഡോക്ടർമാരെ ഉൾപ്പെടുത്താൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.


ബലാത്സംഗക്കൊലക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിൽ കൊലപാതകത്തിൻ്റെ സാഹചര്യം, പരുക്കിൻ്റെ സ്വഭാവം, മരണ കാരണം, പ്രതിക്കെതിരെ ലഭ്യമായ തെളിവുകൾ എന്നിവയെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നും, സഞ്ജയ് റോയ് മാത്രമാണ് പ്രതിയെന്നുമാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 200ഓളം പേരുടെ മൊഴികളാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു.

SCROLL FOR NEXT