ഒരുകാലത്ത് കൊൽക്കത്ത നഗരത്തിൻ്റെ ജീവശ്വാസമായിരുന്നു ട്രാം എന്ന യാത്രാ സംവിധാനം. പിന്നീട് ഗതാഗത സൗകര്യങ്ങൾ ഏറെ പുരോഗമിച്ചപ്പോഴും ട്രാമുകൾ കൊൽക്കത്തയുടെ മാത്രം ആകർഷണങ്ങളിൽ ഒന്നായി നിലനിന്നു. ഇപ്പോഴിതാ നഗരത്തിൽ ട്രാമുകളുടെ സർവീസ് അവസാനിപ്പിക്കാൻ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം എടുത്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 150 വർഷത്തെ സേവനത്തിനൊടുവിലാണ് സഞ്ചാരികളുടെ മുൻപിൽ കൊൽക്കത്തയുടെ സ്വകാര്യ അഹങ്കാരമായി നിലനിന്നിരുന്ന ട്രാമുകൾ നിലയ്ക്കുന്നത്.
ജനസംഖ്യ വർധിച്ചതോടെ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ ട്രാമുകൾ പലപ്പോഴും വെല്ലുവിളിയായിരുന്നു. മറ്റുവാഹനങ്ങൾക്കിടയിൽ ട്രാമുകൾ കൂടിയെത്തുമ്പോൾ നഗരത്തിൽ വൻ ഗതാഗതക്കുരുക്കുകൾ രൂപപ്പെട്ടതാണ് ട്രാം സേവനങ്ങൾ അവസാനിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
1873 മുതലാണ് കൊൽക്കത്ത നഗരത്തിൽ ട്രാം സർവീസുകൾ ആരംഭിച്ചത്. ഇന്ന് ട്രാം സംവിധാനമുള്ള ഇന്ത്യയിലെ അവസാന നഗരമാണ് കൊൽക്കത്ത. എന്നാൽ ഇപ്പോൾ നഗരത്തിൽ എസ്പ്ലാനേഡിനും മൈതാനത്തിനും ഇടയിലുള്ള ട്രാം റൂട്ട് മാത്രമേ പ്രവർത്തിക്കുന്നുള്ളു. വിക്ടോറിയ മെമ്മോറിയൽ പോലുള്ള പ്രധാന പ്രദേശങ്ങളെ ചുറ്റിപ്പോകുന്ന ട്രാം പച്ചപ്പു നിറഞ്ഞ മൈതാനവും, ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന കുട്ടികളുടെ കാഴ്ചയുമെല്ലാം ഉൾപ്പെടുന്ന ഒരു നഗരയാത്രയാണ് സന്ദർശകർക്ക് സമ്മാനിച്ചിരുന്നത്.
ബംഗാളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ട്രാമുകൾ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്. ഒന്നര നൂറ്റാണ്ടിൻ്റെ ആത്മബന്ധം ഇല്ലാതാകുന്നതിന്റെ നിരാശ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കൊൽക്കത്തയുടെ ഹൃദയത്തിലൂടെയാണ് കഴിഞ്ഞ 150 വർഷത്തിനിടെ വെള്ള, നീല ട്രാം കാറുകൾ ഓടിയിരുന്നത്. ആ കാഴ്ചയും , അതിലെ യാത്രാ അനുഭവവും ബംഗാളിലെ ജനങ്ങൾക്കും, സന്ദർശകർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ഗതാഗത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ട്രാം സര്‍വ്വീസ് നിര്‍ത്താനുള്ള സർക്കാര്‍ തീരുമാനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചത്. പലരും സ്വന്തം ജീവിതവുമായി ട്രാമിനുളള ബന്ധത്തെക്കുറിച്ച് വൈകാരികമായ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. "കൊൽക്കത്തയിലെ 150 വർഷത്തെ പൈതൃക ഗതാഗതം. ട്രാമുകൾ നിർത്തലാക്കി. കൊൽക്കത്തയിലെ തെരുവുകളിൽ അവരെ മിസ് ചെയ്യും." , ഭാവി തലമുറയ്ക്ക് ട്രാം മാത്രമേ അറിയൂ .. മങ്ങിയ ഫോട്ടോഗ്രാഫുകളിലൂടെയും ഗൃഹാതുരത്വം നിറഞ്ഞ കഥകളിലൂടെയും. ആർഐപി കൊൽക്കത്ത ട്രാംസ്." എന്നെല്ലാം , സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു.