NEWSROOM

കൊല്ലത്തെ വാഹനാപകട മരണം കൊലപാതകം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ രണ്ടു ജീവനക്കാരടക്കം 5 പ്രതികള്‍

കൊല്ലത്ത് തേവള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി സരിത, അനൂപ് എന്നിവരാണ് ക്വട്ടേഷൻ നൽകിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലത്ത് വാഹനാപകടത്തിൽ വ്യദ്ധൻ മരിച്ച സംഭവം കൊലപാതകം. ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. വാഹനാപകട മരണമെന്ന് തോന്നിക്കും വിധമായിരുന്നു ആസൂത്രണം. ആശ്രാമം സ്വദേശി പാപ്പച്ചനാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ധനമിടപാട് സ്ഥാപനത്തിലെ ജീവനക്കാരാണ് ക്വട്ടേഷൻ നൽകിയത്. പാപ്പച്ചൻ്റെ സ്ഥിര നിക്ഷേപം തട്ടാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ക്വട്ടേഷൻ.

പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയടക്കം അഞ്ച് പേരാണ് പ്രതികൾ.കൊല്ലത്ത് തേവള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി സരിത, അനൂപ് എന്നിവരാണ് ക്വട്ടേഷൻ നൽകിയത്. ഇതിന്റെ ഭാ​ഗമായി അനിമോൻ എന്നയാൾക്ക് 19 ലക്ഷം രൂപയ്ക്കാണ് ഇരുവരും ചേർന്ന് ക്വട്ടേഷൻ നൽകിയത്. മാഹീൻ, ഹാഷിം എന്നീ രണ്ട് കൂട്ടുപ്രതികളുടെ സഹായം അനിമോൻ തേടുകയായിരുന്നു. ഇവർ ഒന്നിലധികം തവണ ഓട്ടോറിക്ഷ ഇടിച്ച് പാപ്പച്ചനെ കൊലപ്പെടുത്താൻ ശ്രമിച്ചു.

കൊല്ലപ്പെട്ട പാപ്പച്ചന് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ 80 ലക്ഷത്തിന്റെ ഫിക്സ്ഡ് ഡെപ്പോസിറ്റുണ്ട്. അതിൽ പലതവണ സരിതയും അനൂപും തിരിമറി നടത്താൻ ശ്രമിച്ചിരുന്നു. ശേഷമായിരുന്നു കൊലപാതകശ്രമം. ആദ്യം മരണകാരണം സാധാരണമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരുന്നത്. എന്നാല്‍, ഉയര്‍ന്നുവന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മരണം കൊലപാതമാണ് എന്ന് കണ്ടെത്തിയത്.

SCROLL FOR NEXT