NEWSROOM

കോന്നി ആനക്കൂട്ടിലെ അപകടം: സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയെന്ന് വിലയിരുത്തൽ; മെയ് ഒന്നു മുതൽ തുറന്ന് പ്രവർത്തിക്കും

യോഗത്തിൽ അഭിരാമിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തീരുമാനമായി

Author : ന്യൂസ് ഡെസ്ക്


നാലു വയസ്സുകാരൻ്റെ മരണത്തെ തുടർന്ന് താൽക്കാലികമായി അടച്ച പത്തനംതിട്ട കോന്നി ആനക്കൂട് മെയ് ഒന്നു മുതൽ തുറന്ന് പ്രവർത്തിക്കും. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയ ശേഷമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആനക്കൂടിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ അഭിരാമിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ആനക്കൂട്ടിൽ നടന്ന യോഗത്തിൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് ജില്ലാ മേധാവി തുടങ്ങിയവർ പങ്കെടുത്തു.

ഏപ്രിൽ 18നാണ് കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാല് വയസുകാരൻ അഭിരാം മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം അവധി ദിവസം ആഘോഷിക്കാനായാണ് അഭിരാം ആനക്കൂട്ടിൽ എത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് നാലടിയോളം നീളമുള്ള തൂൺ അഭിരാമിന്റെ തലയിലും ദേഹത്തുമായി വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെയാണ് ആനക്കൂട് താൽകാലികമായി അടച്ചിട്ടത്.

സംഭവത്തിൽ ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. അനിൽകുമാറിനെയും, നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്നും സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തിയില്ലെന്നുമുള്ള വനംവകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.


SCROLL FOR NEXT