കോന്നി എംഎൽഎ ജനീഷ് കുമാറിന് പിന്തുണയുമായി ക്രൈസ്തവ സഭാ കൂട്ടായ്മ. ജനങ്ങളുടെ പ്രതിനിധി എന്ന നിലയ്ക്കാണ് ജനീഷ് കുമാർ ഇടപെട്ടത്. ജനീഷ് കുമാറിൻ്റെ പ്രതികരണം സാധാരണ ജനങ്ങൾക്ക് ജീവിക്കാനുള്ള ധൈര്യം പകരുന്നതാണ്. വന്യജീവി ശല്യം മൂലം സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ക്രൈസ്തവ സഭ അറിയിച്ചു.
പാടം സ്റ്റേഷൻ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ്. അധ്വാനിക്കുന്ന കർഷകൻ്റെ ജീവിതം ദുസഹപ്പെടുത്തുന്ന വന്യജീവി ശല്യം തടയേണ്ടത് വനംവകുപ്പിൻ്റെ ഉത്തരവാദിത്വമാണ്. വനം വകുപ്പ് വന്യജീവി ശല്യത്തിൽ അടിയന്തര നടപടികളൊന്നും സ്വീകരിച്ചില്ല. അവർ അവരുടെ ഉത്തരവാദിത്വം നിർവഹിച്ചിട്ടുമില്ലെന്നും ക്രൈസ്തവ സഭാ കൂട്ടായ്മ വ്യക്തമാക്കി.
"കർഷകർക്കെതിരെയാണ് ഇപ്പോൾ കേസ് എടുക്കുന്നത്. ജെസിബി ഓടിച്ചയാളെയാണ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. ഇയാളെ നിയമപരമായി ചോദ്യം ചെയ്യണമായിരുന്നു. കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന് പറഞ്ഞപ്പോഴും സെല്ലിലായിരുന്നു ഇയാളെ ഇട്ടിരുന്നത്. ഏതൊക്കെ തരത്തിലുള്ള പീഡനങ്ങൾ സ്റ്റേഷനിൽ ഉണ്ടായി എന്ന വ്യക്തമല്ല. പണ്ട് മത്തായിയെ ചോദ്യം ചെയ്യാൻ വിളിച്ചുകൊണ്ട് പോയശേഷം ജഡമായിട്ടാണ് തിരിച്ചുകിട്ടിയത്", ക്രൈസ്തവ സഭാ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
മനുഷ്യജീവന് വില കൊടുക്കാത്ത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമാണ് ഏറ്റവും വലിയ പ്രശ്നം. ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ ജനങ്ങളെ പീഡിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ അവർക്ക് പ്രതികരിക്കേണ്ടി വരും. ജനീഷ് കുമാറിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും, പൂർണമായ പിന്തുണ നൽകുന്നുവെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ്, കോന്നി അസംബ്ലി പ്രസിഡൻ്റ് ഫാ. ജെസൻ പി.വൈ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൗരോർജ വേലിയിൽ നിന്നും വൈദ്യുതാഘാതം ഏറ്റ് കാട്ടാന മരിച്ച സംഭവത്തിൽ തോട്ടം ഉടമയുടെ സഹായിയെ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. ഇതിനെത്തുടർന്നായിരുന്നു ജനീഷ് കുമാറിൻ്റെ ഇടപെടൽ. സ്റ്റേഷന്‍ കത്തിക്കുമെന്നും വീണ്ടും നക്‌സലുകള്‍ വരുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തിയിരുന്നു.
കര്‍ഷകനെ കസ്റ്റഡിയിലെടുത്തത് മതിയായ രേഖകളില്ലാതെയാണെന്നും അറസ്റ്റിനുള്ള രേഖകള്‍ നല്‍കണമെന്നും ജനീഷ് കുമാർ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ രോഷപ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച കെ.യു. ജനീഷ് തന്റെ വാക്കുകള്‍ കടുത്തുപോയെന്നും ജനങ്ങള്‍ തന്നോട് പ്രതികരിച്ചത് ഇതിലും രൂക്ഷമായ രീതിയിലാണെന്നും പറഞ്ഞിരുന്നു.
വന്യജീവി സംഘർഷം തടയാൻ വനം വകുപ്പിന് ഒപ്പം നിൽക്കേണ്ടവരാണ് ജനപ്രതിനിധികളെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ അറിയിച്ചിരുന്നു. ജനീഷ് കുമാർ എംഎൽഎ അസഭ്യം പറയുകയും കസ്റ്റഡിയിൽ ഉണ്ടായിരുന്ന ആളെ ബലമായി ഇറക്കി കൊണ്ടുപോവുകയും ചെയ്തു എന്ന് കാട്ടി അസോസിയേഷൻ മുഖ്യമന്ത്രി, വനം മന്ത്രി, സ്പിക്കർ എന്നിവർക്ക് പരാതി നൽകിയിയിട്ടുണ്ട്. കോന്നി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.