NEWSROOM

ലഹരിച്ചുഴിയിൽ കേരളം: അമ്മയേയും മുത്തച്ഛനേയും 22കാരൻ തലയ്ക്കടിച്ചുക്കൊന്നത് ആവശ്യപ്പെട്ട പണം നൽകാത്തതിന്

ആൻ്റണിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം അഖിൽ വീട്ടിൽ ഭക്ഷണമുണ്ടാക്കി

Author : ന്യൂസ് ഡെസ്ക്


കേരളത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ അടുത്തിടെയായി ആവർത്തിക്കുന്ന ഒരേ സ്വഭാവമുള്ള ഒരു കുറ്റകൃത്യമുണ്ട്. ലഹരിക്ക് പണം തികയാതെ വരുമ്പോൾ മാതാപിതാക്കളെ വകവരുത്തുന്ന കൊടുംകൊലകൾ. ആ ശ്രേണിയിൽ ഒന്നായിരുന്നു കൊല്ലം കുണ്ടറ പപ്പടക്കരയിലെ പുഷ്പലതയുടേയും ആൻ്റണിയുടേയും ഇരട്ടക്കൊലപാതകം. ലഹരി ഉപയോഗത്തിന് പണം നൽകാത്തതിൻ്റെ പകയിലാണ് ഇരുപത്തിരണ്ടുകാരനായ അഖിൽ അമ്മയേയും മുത്തച്ഛനേയും ക്രൂരമായി കൊന്നത്.

ലഹരിക്കായി അഖിൽ പണം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് സഹനപരിധിക്ക് അപ്പുറമായപ്പോഴാണ് കുണ്ടറ പപ്പടക്കരയിലെ പുഷ്പലത തൻ്റെ പിതാവ് ആൻ്റണിയെ സഹായത്തിന് വിളിച്ചത്. ഒരു ലക്ഷം രൂപ, അതായിരുന്നു അഖിലിൻ്റെ ആവശ്യം. പണം ആവശ്യപ്പെട്ടുള്ള മകൻ്റെ ഉപദ്രവം സഹിക്കാൻ പറ്റാതായപ്പോൾ പുഷ്പലത പൊലീസിൽ പരാതി നൽകി. പൊലീസ് വീട്ടിലെത്തി അഖിലിന് താക്കീത് നൽകി. അമ്മ പൊലീസിനെ വിളിച്ചത് അഖിൻ്റെ പക ഇരട്ടിയാക്കി. അപ്പോഴാണ് മുത്തച്ഛൻ ആൻ്റണിയും വീട്ടിലെത്തിയത്.

2024 ഓഗസ്റ്റ് 16നാണ് അഖിൽ രണ്ട് കൊലപാകങ്ങളും നടത്തിയത്. ആദ്യം മുത്തച്ഛനെയാണ് അഖിൽ ആക്രമിച്ചത്. ആൻ്റണിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം അഖിൽ വീട്ടിൽ ഭക്ഷണമുണ്ടാക്കി. തൊട്ടടുത്ത് മുത്തച്ഛൻ്റെ ജഡം കിടക്കുമ്പോൾ ലഹരിയുടെ പിടിവിട്ട പ്രഭാവത്തിൽ പ്രതിയുടെ പാചകം. പിന്നീട് അതേ ഭക്ഷണം എടുത്ത് തരാൻ ആവശ്യപ്പെട്ട് അമ്മ പുഷ്പലതയെ വിളിച്ചുവരുത്തി ചുറ്റിക കൊണ്ട് അമ്മയേയും തലയ്ക്ക് അടിച്ചു വീഴ്ത്തി. അമ്മയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത് കുത്തി. ഇരട്ട കൊലപാതകത്തിനുശേഷം ടിവി ഓൺ ചെയ്ത് പാട്ട് ആസ്വദിച്ച ശേഷമാണ് വീട്ടിൽ നിന്നും അഖിൽ രക്ഷപ്പെട്ടത്. ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാനാകാത്ത വിധം വിഷമരുന്നുകൾ വിള്ളൽ വീഴ്ത്തിയ ബോധത്തോടെ അമ്മയുടെ ഫോണും എടിഎം കാർഡും മോഷ്ടിച്ച് അഖിൽ വീടുവിട്ടിറങ്ങി.

പുഷ്പലതയുടെ ഫോൺ വിറ്റ പണവുമായാണ് അഖിൽ നാട് വിട്ടത്. ലുക്കൗട്ട് നോട്ടീസടക്കം പുറപ്പെടുവിച്ച് പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തി. സംസ്ഥാനത്തുടനീളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജ്യത്ത് പലയിടത്തും തനിച്ച് സഞ്ചരിച്ച് പരിചയമുണ്ടായിരുന്നയാളാണ് അഖിൽ. ഇതിനിടെ പുഷ്പലതയുടെ എടിഎം കാർഡ് ഉപയോഗിച്ച് ദില്ലിയിൽ പ്രതി ഇടപാട് നടത്തിയെന്ന വിവരം പൊലീസിന് കിട്ടി. പക്ഷേ അന്വേഷണത്തിൻ്റെ എല്ലാ വഴിയും ഇരുട്ടിൽ മറച്ചായിരുന്നു അഖിലിൻ്റെ സഞ്ചാരം. ഒടുവിൽ കശ്മീരിൽ നിന്ന് പേടിഎം ഉപയോഗിച്ചതോടെയാണ് അഖിൽ വലയിലാകുന്നത്.

കൊലയ്ക്ക് ശേഷം അഖിൽ മൊബൈൽ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. കയ്യിലുണ്ടായിരുന്ന ഫോണും സിം കാര്‍ഡും നശിപ്പിച്ചിരുന്നു. സുഹൃത്തുക്കളെ ബന്ധപ്പെടുന്നതും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കി. പ്രതിയിലേക്കെത്താനുള്ള വഴികള്‍ വളരെ കുറവായിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലേക്കും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കുണ്ടറ പൊലീസ് കൈമാറിയിരുന്നു. ഒടുവിൽ കശ്മീരിൽ നിന്ന് കിട്ടിയ തുമ്പുതേടി കുണ്ടറ സിഐ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശ്രീനഗറിലേക്ക് പുറപ്പെടുകയായിരുന്നു. അങ്ങനെയാണ് പ്രതി പിടിയിലായത്.

തെളിവെടുപ്പിനിടെ കൊല ചെയ്ത വിധം ഒരു ഭാവഭേദവുമില്ലാതെയാണ് അഖിൽ പൊലീസിനോട് വിവരിച്ചത്. എംഡിഎംഎ, കൊക്കയിൻ, കഞ്ചാവ് അങ്ങനെ വിവിധയിനം ലഹരികളാണ് അഖിൽ ഉപയോഗിച്ച് വന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. ഈ വാർത്താപരമ്പരയിലുടനീളം ഞങ്ങൾ പറഞ്ഞതുപോലെ കുണ്ടറയിലെ അഖിലും ഒരാളല്ല. ഇതേ കുറ്റകൃത്യം ഈയടുത്തിടെ കോഴിക്കോട് താമരശ്ശേരിയിലും തിരുവനന്തപുരം കിളിമാനൂരുമെല്ലാം ആവർത്തിച്ചു. രാസലഹരികൾ തിന്നുതീർത്ത തലച്ചോറുകളുമായി ഇനിയും നമുക്കിടയിൽ എത്രയോ അഖിലുമാർ. അംഗീകരിക്കാൻ വൈമനസ്യം തോന്നുമെങ്കിലും ഇതാണ് ഇപ്പോൾ കേരളത്തിലെ വലിയൊരു യാഥാർത്ഥ്യം.

SCROLL FOR NEXT