NEWSROOM

അൻവറിനെതിരെ പ്രതികാര നടപടി ഇല്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തകളെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ്

പൊളിക്കാൻ നിർദേശം നൽകിയത് പി വി ആർ റിസോർട്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ഡ്രൈനേജ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്


പി.വി. അൻവറിൻ്റെ ഉടമസ്ഥതയിലായിരുന്ന പാര്‍ക്കിലെ തടയണകള്‍ പൊളിച്ചുനില്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വിശദീകരണവുമായി കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്‍റ് ആദർശ് ജോസഫ്. അൻവറിനെതിരായ പ്രതികാര നടപടി അല്ല ഇതെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ആദര്‍ശ് ജോസഫ് പറഞ്ഞു. പൊളിക്കാൻ നിർദേശം നൽകിയത് പി വി ആർ റിസോർട്ടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ഡ്രൈനേജ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ 13-ലെ ടെൻഡർ നടപടിയിൽ ആരും പങ്കെടുക്കാത്തതിനാൽ വീണ്ടും റീ ടെൻഡർ ചെയ്യുക മാത്രമാണ് ചെയ്തത്. പഞ്ചായത്ത്‌ പൊളിച്ചു നീക്കാൻ നിർദേശം നൽകിയ ഡ്രൈനേജുമായി പി.വി. അൻവറിന് ഒരു ബന്ധവുമില്ലെന്നും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

കക്കാടംപൊയിലിൽ കാട്ടരുവികൾ തടഞ്ഞ് നിർമിച്ച തടയണകൾ പൊളിച്ചു മാറ്റണം എന്നായിരുന്നു പഞ്ചായത്തിന്‍റെ ഉത്തരവ്. കഴിഞ്ഞ ജനുവരി 31 ന് തടയണകൾ പൊളിച്ച് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ജൂലൈ മാസത്തിൽ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറും നോട്ടീസ് നൽകിയിരുന്നു.

പി.വി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ വിമര്‍ശനം തുടരുന്നതിനിടയില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അന്‍വറിനെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നു എന്നാണ് പ്രചരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം. അതേസമയം നിർമിതികൾ പൊളിക്കാനുള്ള തീരുമാനം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പാർട്ടി വിട്ടാൽ നടപടിയെന്നത് കാട്ടുനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

SCROLL FOR NEXT