കൊരട്ടി രാമകൃഷ്ണൻ കൊലപാതകക്കേസിലെ പ്രതി വിനോഭായിയെ വെറുതെവിട്ട് സുപ്രീംകോടതി. സിപിഎം പ്രവർത്തകന്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി പ്രവർത്തകനായ വിനോഭായിയെയാണ് പരമോന്നത കോടതി വെറുതെ വിട്ടത്. ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. കേസിൽ 13 വർഷമായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു വിനോഭായ്.
Also Read: കാരണവർ വധക്കേസ്: ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനം മുൻഗണനകൾ ലംഘിച്ചെന്ന് ആക്ഷേപം
വിചാരണക്കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീം കോടതി പ്രതിയെ വെറുതെവിട്ടത്. 2010ലാണ് രാമകൃഷ്ണൻ കൊല്ലപ്പെട്ടത്. വിനോഭായിയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രാമകൃഷ്ണൻ. എന്നാൽ ഈ കേസിൽ രാമകൃഷ്ണനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിന്റെ പക തീർക്കാൻ വിനോഭായ് രാമകൃഷ്ണനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ എട്ട് വർഷം മുൻപ് പ്രതി സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ നടപടി. വാദം കേട്ട സുപ്രീംകോടതി രണ്ട് സാക്ഷികളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി കണ്ടെത്തി. വിനോഭായിക്കായി അതുൽ ശങ്കറാണ് ഹാജരായത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കൗൺസിൽ ഹർഷദ് വി. ഹമീദും.