അന്തരിച്ച സിപിഎം പ്രവർത്തകൻ പുഷ്പനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജിയുടേതാണ് നടപടി. ഹരിപ്രസാദിനെതിരെ മൂവാറ്റുപുഴ പൊലീസും കേസെടുത്തു. സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കും വിധത്തിൽ പ്രചാരണം നടത്തിയതിനാണ് കേസ്.
ഹരിപ്രദാസിൻ്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി. എസ്ഐക്കെതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, കൂത്തുപറമ്പ് സമരനായകന് ജന്മനാട് യാത്രാമൊഴിയേകി. തലശേരി ടൗൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൗതിക ശരീരം സംസ്കരിച്ചു.
ALSO READ: പുതിയ പാർട്ടി രൂപീകരിക്കുന്നില്ല, ജനങ്ങൾ പാർട്ടിയുണ്ടാക്കിയാൽ അതിലുണ്ടാകും: പി.വി. അന്‍വര്‍
കൂത്ത് പറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് ഇന്നലെ മുതൽ കണ്ണൂരിലേക്ക് ഒഴുകിയെത്തിയത്. നാടിൻ്റെ സഹന സൂര്യന് വൈകാരികമായ യാത്രയയപ്പാണ് പാർട്ടിയും പ്രവർത്തകരും നൽകിയത്.