വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ഫ്യൂസൂരാനൊരുങ്ങിയ കെഎസ്ഇബിക്കെതിരെ മധുര പ്രതികാരം ചെയ്ത് കോട്ടയം കുറിച്ചി ഗവൺമെന്റ് ഹയർസെക്കൻ്ററി സ്കൂൾ. സോളാർ പാനലുകൾ സ്ഥാപിച്ചാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കാലത്ത് ഫ്യൂസൂരാനെത്തിയ കെഎസ്ഇബിക്കെതിരെ സ്കൂൾ കടം വീട്ടിയത്. പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്.
2021 കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ കുറിച്ചി ഗവൺമെന്റ് ഹയർ സ്കൂളിന് വൈദ്യുതി ബില്ല് അടയ്ക്കാൻ സാധിച്ചില്ല. കെഎസ്ഇബി അധികൃതർ സ്കൂളിൻ്റെ ഫ്യൂസ് ഊരാൻ തീരുമാനിച്ചു. പിടിഎ ഇടപെടൽ ഉൾപ്പെടെ ഉണ്ടായതോടെയാണ് ഫ്യൂസ് ഊരാതെ പ്രശ്നം പരിഹരിച്ചത്.
പിന്നീടാണ് കെഎസ്ഇബിയുടെ സഹായം ഇനി ഒരിക്കലും ആവശ്യപ്പെടില്ലെന്ന് സ്കൂൾ അധികൃതർ തീരുമാനിച്ചത്. ആ തീരുമാനവും അതിന് വേണ്ടിയുള്ള പരിശ്രമവും ഇന്ന് സാഫല്യമായി. ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളും കൂടി സഹായിച്ചതോടെ സ്കൂളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂളിന് അവശ്യമായതിലേറെ വൈദ്യുതി ഇന്ന് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് തന്നെ വിൽക്കാനും ആലോചനയുണ്ട്.