NEWSROOM

ദേശീയ പാതയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി; കോട്ടയത്തെ നാട്ടകം കുടിവെള്ള പദ്ധതിയ്ക്ക് പുനരുജ്ജീവനം

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പ്രതിനിധി സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

Author : ന്യൂസ് ഡെസ്ക്


കോട്ടയം നാട്ടകം കുടിവെള്ള പദ്ധതിക്ക് പുനരുജ്ജീവനം. ദേശീയപാത പൊളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവുന്നതോടെയാണ് കുടിവെള്ള പദ്ധതിക്ക് ജീവന്‍ വയ്ക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പ്രതിനിധി സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

കോട്ടയം നഗരസഭ പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ 2016ല്‍ ആണ് നാട്ടകം കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2020ഓടെ പൈപ്പ് ഇടല്‍ ഉള്‍പ്പെടെയുള്ള 90 ശതമാനം പണികളും പൂര്‍ത്തിയായി. എന്നാല്‍ കഞ്ഞിക്കുഴി മുതല്‍ കളക്ട്രേറ്റ് വരെയും, മണിപ്പുഴ മുതല്‍ മറിയപ്പള്ളി വരെയും 4 കിലോമീറ്ററോളം ദൂരം ദേശീയപാത കുഴിച്ചു പൈപ്പ് സ്ഥാപിക്കാന്‍ ദേശീയപാതാ അതോറിറ്റി അനുമതി നല്‍കിയില്ല.

അന്ന് മുതല്‍ കളക്ടര്‍ തലത്തിലും മന്ത്രി തലത്തിലുമുള്‍പ്പെടെ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. കേന്ദ്രമന്ത്രിയുടെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

നിലവില്‍ പദ്ധതി മുടങ്ങിക്കിടക്കുന്നത് ആറായിരത്തോളം ആളുകളെയാണ് ബാധിക്കുന്നത്. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തോടെ പ്രതിസന്ധികള്‍ നീങ്ങി പദ്ധതി പൂര്‍ത്തീകരണം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജനപ്രതിനിധികളും.



SCROLL FOR NEXT