NEWSROOM

"സിദ്ധാർഥന് നീതി കൊടുക്കാത്ത പൊലീസാണ്, കോട്ടയം നഴ്സിങ് കോളേജ് റാഗിങ് കേസ് അന്വേഷണം നീതിപൂർവ്വമല്ല": രമേശ്‌ ചെന്നിത്തല

"കേരളത്തിലെ എല്ലാ അക്രമത്തിനും പിന്നിൽ എസ്എഫ്ഐ ആണ്. സംഘടിത ക്രിമിനൽ സംഘം ആയി എസ്എഫ്ഐ മാറി"

Author : ന്യൂസ് ഡെസ്ക്

കോട്ടയം ഗാന്ധിനഗർ ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസിൽ പൊലീസ് അന്വേഷണം നീതിപൂർവ്വം അല്ലെന്ന് രമേശ്‌ ചെന്നിത്തല. സിദ്ധാർഥന് നീതി കൊടുക്കാത്ത പൊലീസ് ആണെന്ന് ചെന്നിത്തല പൊലീസിനെ ആക്ഷേപിച്ചു.

കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം വേണം. കോളേജ് ഹോസ്റ്റലിൽ നടന്നത് നിഷ്ഠൂര സംഭവമാണ്. എല്ലാ പ്രതികളും എസ്എഫ്ഐക്കാരാണ്. കേരളത്തിലെ എല്ലാ അക്രമത്തിനും പിന്നിൽ എസ്എഫ്ഐ ആണ്. സംഘടിത ക്രിമിനൽ സംഘം ആയി എസ്എഫ്ഐ മാറി. സർക്കാരും പൊലീസും അതിനു കൂട്ട് നിൽക്കുന്നുവെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

കേരളത്തിൽ റാഗിംഗ് തുടരാൻ കാരണം ശക്തമായ നടപടി ഇല്ലാത്തതാണ്.സിദ്ധാർഥിന്റെ കേസിൽ പ്രതികൾക്ക് ജാമ്യവും തുടർപഠനത്തിന് അനുമതിയും കിട്ടി.   യൂണിവേഴ്സിറ്റിയും അധികൃതരും സിദ്ധാർഥിന്റെ കേസിൽ പ്രതികളെ സഹായിച്ചു.  രണ്ട് ഹൈകോടതി ഉത്തരവുകൾ പ്രതികൾക്ക് തുടർപഠനത്തിന് സഹായം ആയി.  കോടതി വിധിയും പ്രതികൾക്ക് സഹായമായി.  നാളെ സിദ്ധാർഥ് മരിച്ചിട്ട് ഒരു വർഷമാകുകയാണ്. അതിക്രൂരമായ മർദ്ദനം ആണ് സിദ്ധാർഥിന് നേരിട്ടത്.  പൂക്കോട് ആന്റി റാഗിംഗ് സെൽ റിപ്പോർട്ടിൽ എല്ലാം കൃത്യമായി പറയുന്നുണ്ടെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു. 

കോട്ടയം ഗാന്ധിനഗർ ഗവ. നേഴ്സിങ് കോളേജിലെ റാഗിങ് കേസിൽ കഴിഞ്ഞ ദിവസം പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. കോളേജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രണ്ട്, മൂന്ന് വർഷ വിദ്യാർഥികളായ സാമുവൽ ജോൺസൺ, ജീവ എൻ. എസ്, കെ. പി രാഹുൽ രാജ്, സി. റിജിൽജിത്ത്, വിവേക് എൻ. പി എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

മൂന്നുമാസം നീണ്ട റാ​ഗിങ് പരമ്പരയിലെ വിശദ വിവരങ്ങൾ പ്രതികളിൽ നിന്ന് ചോദിച്ചറിയണം. ഇതിനായി അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് ഗാന്ധിനഗർ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിലെ ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുള്ള, ഇരയായ വിദ്യാർഥിയുടെ കേസിൽ മറ്റ് അഞ്ച് ജൂനിയർ വിദ്യാർഥികളെ സാക്ഷികളാക്കിയിട്ടുണ്ട്.

സർക്കാർ നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെയാണ് മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയത്. ഒന്നാം വർഷ വിദ്യാർഥിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചത്. കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ കുത്തി, മുറിവിലും കാലിലും വായിലും ലോഷൻ ഒഴിക്കുന്നതും, സ്വകാര്യഭാഗത്ത് പരിക്കേൽപ്പിക്കുന്നതും കാണാൻ സാധിക്കുന്ന വീഡിയോയാണ് കേസിലെ പ്രധാന തെളിവ്. രാത്രിയിൽ ഹോസ്റ്റൽ മുറിയിൽ കയ്യും കാലും കെട്ടിയിട്ടാണ് ജൂനിയർ വിദ്യാർഥികളെ സീനിയേഴ്‌സ് ഉപദ്രവിച്ചത്.

SCROLL FOR NEXT