NEWSROOM

തിരുവാതുക്കല്‍ ഇരട്ടക്കൊല: മുഖം വികൃതമാക്കിയ നിലയില്‍; സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല

വീടിന്റെ മുന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. പൂട്ട് പൊളിച്ചിട്ടില്ല. അമ്മിക്കല്ല് ഉപയോഗിച്ച് വാതിലില്‍ ഇടിച്ചതിന്റെ ലക്ഷണവുമുണ്ട്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം തിരുവാതുക്കലില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടില്‍ ജോലിക്ക് നിന്ന ഇതരസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം. അസം സ്വദേശിയായ അമിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നിഷ്ഠൂരമായാണ് കൊലപാതകം നടത്തിയതെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. കോടാലിയും അമ്മിക്കല്ലും ഉപയോഗിച്ച് മുഖം വികൃതമാക്കിയ നിലയിലാണ്. തെളിവ് നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ട്. വീട്ടിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല.

വീടിന്റെ മുന്‍വാതില്‍ തുറന്ന നിലയിലായിരുന്നു. പൂട്ട് പൊളിച്ചിട്ടില്ല. അമ്മിക്കല്ല് ഉപയോഗിച്ച് വാതിലില്‍ ഇടിച്ചതിന്റെ ലക്ഷണവുമുണ്ട്. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും മോഷണം പോയിട്ടില്ല. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കോട്ടയത്തെ അറിയപ്പെടുന്ന വ്യവസായിയായ വിജയകുമാര്‍, ഭാര്യ മീന എന്നിവരാണ് കൊല്ലപ്പെട്ടത്. കോട്ടയത്തുള്ള ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്റെ ഉടമയാണ് വിജയകുമാര്‍. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയില്‍ കോടാലിയും ചില ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണശ്രമത്തിനിടെയാണോ കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

വിജയകുമാറിന്റേയും മീരയുടേയും മകന്‍ 2018 ല്‍ മരിച്ചിരുന്നു. ഈ മരണം കൊലപാതകമാണെന്ന് അന്ന് കുടുംബം ആരോപിച്ചിരുന്നെങ്കിലും ആത്മഹത്യയാണെന്നായിരുന്നു പൊലീസ് അനുമാനമെന്ന് സ്ഥലത്തെ മുന്‍ കൗണ്‍സിലര്‍ ടിറ്റോ ന്യൂസ് മലയാളത്തോട് പറഞ്ഞു. മകളെ വിവരം അറിയിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

SCROLL FOR NEXT