ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വെളിച്ചവും വെള്ളവും ഇല്ലാതെ കൂട്ടുപുഴ പൊലീസ് എയ്ഡ്പോസ്റ്റ്. അനുവദിച്ച തുക തികയാതെ വന്നതോടെ കെട്ടിടം പണി പൂർത്തിയാക്കാനും സാധിച്ചിട്ടില്ല. വർഷങ്ങൾ നീണ്ട മുറവിളികൾക്കൊടുവിലാണ് കേരള- കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ പൊലീസ് എയ്ഡ്പോസ്റ്റ് അനുവദിച്ചത്. എസിയും ഫർണിച്ചറുകളും ഉൾപ്പെടെ 320 ചതുരശ്ര അടി വിസ്തീർണത്തിൽ 10 ലക്ഷം രൂപ ചിലവിൽ കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി.
സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമാണവും തുടങ്ങി. എന്നാൽ പ്ലാസ്റ്ററിങ്ങ് , ടൈൽസ് വിരിക്കൽ പ്രവൃത്തികൾ കഴിഞ്ഞതോടെ തുക തികയില്ലെന്ന് കാണിച്ച് വീണ്ടും എസ്റ്റിമേറ്റ് പുതുക്കാനുള്ള അപേക്ഷ നൽകി. ഇതിനിടയിൽ തിരക്കിട്ട് ഉദ്ഘാടനവും നടത്തി. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പക്ഷേ വെളിച്ചവും വെള്ളവും ലഭ്യമാക്കാനുമായിട്ടില്ല.
വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാൽ സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ ശുചിമുറിയാണ് പൊലീസുകാർ ഉപയോഗിക്കുന്നത്. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ എക്സൈസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതടക്കം നിരവധി കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. പൊലീസിൻ്റെ നിരന്തര സാന്നിധ്യം ആവശ്യമുള്ള എയ്ഡ് പോസ്റ്റിലാണ് ഈ അവഗണന.