NEWSROOM

"റീൽസ് ഷൂട്ടിങ്ങിനിടെ അപമര്യാദയായി പെരുമാറി"; ഇൻഫ്ലുവൻസർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

ഇൻഫ്ലുവൻസർ മുകേഷ് നായർക്കെതിരെ പോക്സോ കേസെടുത്ത് കോവളം പൊലീസ്. റീൽസ് ഷൂട്ടിങ്ങിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി നൽകിയത്.


ഫെബ്രുവരി 12ന് നടന്ന റീൽസ് ഷൂട്ടിങ്ങിനെടെയാണ് കേസിനാസ്പദമായ സംഭവം. കോവളം ആദി ശക്തി റിസോർട്ടിൽ വെച്ചായിരുന്നു റീൽസ് ചിത്രീകരണം. ഷൂട്ടിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും, നിർബന്ധിച്ച് അർധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നുമാണ് പരാതി. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോകളെടുത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായി. ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് മുകേഷ് നായര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.



SCROLL FOR NEXT