NEWSROOM

കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പളിന് പൊലീസ് കാവൽ

ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട എസ് എഫ് ഐ ഹെല്‍പ് ഡസ്‌ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിൽ ആണ് സംഘര്‍ഷമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

എസ്എഫ്ഐ പ്രവർത്തകരും പ്രിന്‍സിപ്പാളുമായി സംഘർഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പളിന് പൊലീസ് കാവൽ. ഹൈക്കോടതി നിർദേശ പ്രകാരമാണ് പ്രിൻസിപ്പാളിന് സുരക്ഷ ഒരുക്കിയത്. കോളേജിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ ഭീഷണി നിലനിൽക്കെയാണ് സംരക്ഷണം. പ്രിൻസിപ്പാളിൻറെ പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

എസ്എഫ്ഐ പ്രവർത്തകരും പ്രിൻസിപ്പാളും തമ്മിൽ സംഘർഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളേജിലാണ് പൊലീസ് കാവലിൽ പ്രിൻസിപ്പാള്‍ ഡ്യൂട്ടിക്കെത്തിയത്. ജൂലൈ ഒന്നിന് കോളേജില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാള്‍ ഡോ. സുനിൽ ഭാസ്‌കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി, കോളേജിനും പ്രിന്‍സിപ്പാള്‍, അധ്യാപകർ, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും പൊലീസ് സംരക്ഷണമൊരുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കോളേജിന് പൊലീസ് സംരക്ഷണം നല്‍കിയത്. ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കാനും കോടതി നിര്‍ദേശമുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്നുള്ള അന്‍പതോളം പൊലീസുകാരാണ് സംരക്ഷണത്തിനുള്ളത്. ബിരുദപ്രവേശനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഹെല്‍പ്പ് ഡസ്‌ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിൽ ആണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ എസ് എഫ് ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവിൻറെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാലു വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെൻറ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പ്രൻസിപ്പളിനെ കോളേജിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ ഭീഷണി മുഴക്കിയത്. 'പ്രിൻസപ്പാള്‍ രാജാവല്ല' എന്നെഴുതിയ ഫ്ലക്‌സും കോളേജിന് മുന്നിൽ എസ്എഫ്ഐ സ്ഥാപിച്ചിട്ടുണ്ട്.

SCROLL FOR NEXT