NEWSROOM

വീണ്ടും സജീവമാകാനൊരുങ്ങി ബേപ്പൂർ തുറമുഖം; ലക്ഷദ്വീപിലേക്കുള്ള ഉരുകളിൽ ചരക്കു നീക്കം രണ്ടു ദിവസത്തിനകം

ലക്ഷദ്വീപിലെ ആൾതാമസമുള്ള 12 ദ്വീപുകളിലേക്കാണ് നിർമാണ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും  ഉൾപ്പെടെ ആദ്യഘട്ടത്തിൽ എത്തിക്കുക

Author : ന്യൂസ് ഡെസ്ക്



മൺസൂൺകാല നിയന്ത്രണങ്ങൾക്കു ശേഷം വീണ്ടും സജീവമാകാനൊരുങ്ങി കോഴിക്കോട് ബേപ്പൂർ തുറമുഖം. ലക്ഷദ്വീപിലേക്കുള്ള ഉരുകളിൽ ചരക്കു നീക്കം രണ്ടു ദിവസത്തിനകം ആരംഭിക്കും. ലക്ഷദ്വീപിലെ ആൾതാമസമുള്ള 12 ദ്വീപുകളിലേക്കാണ് നിർമാണ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും  ഉൾപ്പെടെ ആദ്യഘട്ടത്തിൽ എത്തിക്കുക. ലക്ഷദ്വീപിലെ അഗത്തി, അമിനി  ദ്വീപുകളിലേക്കുള്ള ചരക്കുമായി മറൈൻ ലൈൻ ഉരുവാണ് സീസണിൽ ആദ്യമായി ദ്വീപിലേക്ക് പുറപ്പെടുന്നത്. നിർമാണ വസ്തുക്കൾ, ഫർണിച്ചർ ഉരുപ്പടികൾ, പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ എന്നിവയുമായാണ് മറൈൻ ലൈൻ ഉരു 2 ദിവസത്തിനകം തുറമുഖം വിടുക.

മർക്കന്റൈൽ മറൈൻ ചട്ടപ്രകാരം നോൺ മേജർ തുറമുഖമായ ബേപ്പൂരിൽ മൺസൂണിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ജലയാനങ്ങൾക്ക് ഭാഗിക യാത്രാ നിയന്ത്രണമുണ്ടായിരുന്നു. ഈ കാലയളവിൽ ഉരുകളും മറ്റും തീരത്ത് നങ്കൂരമിട്ടിരുന്നു. നിയന്ത്രണ കാലയളവിൽ ഷിപ്പിങ് കോർപറേഷനു കീഴിലുള്ള ചരക്കു കപ്പലുകളിലാണ് ദ്വീപിലേക്കു ഭക്ഷ്യോൽപന്നങ്ങൾ, നിർമാണ വസ്തുക്കൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ എത്തിക്കുന്നത്.

തമിഴ്നാട് കടലൂർ, തൂത്തുക്കുടി, മംഗളൂരു എന്നിവിടങ്ങളിലെ 20 ഉരുകൾ ലക്ഷദ്വീപിനും ബേപ്പൂരിനും ഇടയിൽ സർവീസ് നടത്തുന്നുണ്ട്. അതേസമയം ഈമാസം 15 മുതൽ തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം വിട്ടുമാറിയിട്ടില്ല. ദ്വീപ് ഭരണകൂടം കപ്പലുകളുടെ ഷെഡ്യൂൾ തയാറാക്കുന്നതിനു മുൻപ് ഇടപെടലുണ്ടായാൽ മാത്രമേ 4 വർഷമായി നിലച്ചിരിക്കുന്ന യാത്രാ സർവീസ് വീണ്ടും തുടങ്ങാനാകൂ.

SCROLL FOR NEXT