കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വർധിക്കുന്നു. വടക്കുംപാടം ഹയർ സെക്കൻഡറി സ്കൂളിലെ 41 കുട്ടികൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പേർക്ക് രോഗം പിടിപെട്ടതായാണ് സംശയം.
വടക്കുംപാടം ഹയർ സെക്കൻഡറി സ്കൂളില്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. സ്കൂളിലെ വെള്ളവും ഭക്ഷണവും പരിശോധിച്ചതില്‍ ഇ കോളി രോഗാണുക്കളെ കണ്ടെത്തിയിട്ടില്ല. ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം നിർത്തിവെച്ചു. ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പ്രദേശം സന്ദർശിച്ച ആരോഗ്യ വകുപ്പ് കൂടുതല്‍ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
ALSO READ: കോഴിക്കോട് കൊമ്മേരിയില്‍ വീണ്ടും മഞ്ഞപ്പിത്തം; ആറ് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
അതേസമയം, കോഴിക്കോട് കൊമ്മേരിയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി. മെഡിക്കൽ ക്യാമ്പിലാണ് കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കൊമ്മേരിയിലെ പൊതുകിണറിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജലസ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും കോര്‍പ്പറേഷൻ ഉയർത്തുന്നുണ്ട്.
പ്രദേശത്തെ നാല് കിണറുകളില്‍ നിന്നുള്ള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള കോര്‍പ്പറേഷന്‍റെ വിമർശനം. രോഗവ്യാപനം തടയാനായി പ്രദേശത്ത് കോർപ്പറേഷന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.