കോഴിക്കോട് കോര്‍പറേഷന്റെ വജ്ര ജൂബിലി പുരസ്‌കാരം സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. കോഴിക്കോട് നഗരസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ചാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവ് എം.ടി വാസുദേവന്‍ നായര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. യുനെസ്‌കോ സാഹിത്യ നഗരി പ്രഖ്യാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍, അനാരോഗ്യം മൂലം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ചടങ്ങിന് എം ടി എത്തിയില്ല. തുടര്‍ന്ന് എം ടിയുടെ വീട്ടിലെത്തിയാണ് മന്ത്രി എം.ബി രാജേഷ് പുരസ്‌കാരം സമ്മാനിച്ചത്. നേരത്തെ മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്ന ചടങ്ങിന് മന്ത്രിമാരായ എം.ബി രാജേഷും മുഹമ്മദ് റിയാസും മാത്രമാണ് പങ്കെടുത്തിരുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യം എം ടിയോടുള്ള വിരോധം കൊണ്ടാണ് എന്ന് കോഴിക്കോട് കോര്‍പറേഷനിലെ യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
യു.ഡി.എഫ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്നും കുപ്രചാരണങ്ങള്‍ക്ക് എം.ടിയെ പോലൊരാളെ കരുവാക്കരുതെന്നും ഇതിന് മറുപടിയായി എം.ബി രാജേഷ് പ്രതികരിച്ചു. പുരസ്‌കാരം നല്‍കാന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍, മുന്‍ എം.എല്‍.എ എ പ്രദീപ് കുമാര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.