NEWSROOM

മുരളീധരന്‍ ശുദ്ധഗതിക്കാരന്‍, തൃശൂരിലെ പരാജയത്തില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്; DCC പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാര്‍

തൃശൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് മുരളീധരന്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ മറുപടി

Author : ന്യൂസ് ഡെസ്ക്


തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ കെ.മുരളീധരന്‍റെ തോല്‍വിയില്‍ എല്ലാവര്‍ക്കും വിഷമമുണ്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ.പ്രവീണ്‍കുമാര്‍. മനസ്സിൽ തോന്നുന്ന കാര്യം പരസ്യമായി വിളിച്ചു പറയുന്ന ശുദ്ധഗതിക്കാരനാണ് കെ.മുരളീധരൻ. അദ്ദേഹത്തിന്റെ പരിഹാസങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു.

തൃശൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് മുരളീധരന്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഡിസിസി പ്രസിഡന്‍റിന്‍റെ മറുപടി. തൃശൂർ നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പാർട്ടി അദ്ദേഹത്തെ തൃശൂരിലേക്ക് മാറ്റിയത്. കെ.മുരളീധരന്റെ സമ്മതത്തോടുകൂടി ആയിരുന്നു മാറ്റം. തെരഞ്ഞെടുപ്പിനെ കോൺഗ്രസ് എന്നും ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ വേദിയില്‍ തൃശൂരിലെ തോല്‍വിയെ കുറിച്ച് മുരളീധരന്‍ പ്രതികരിച്ചിരുന്നു.

തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. നട്ടും ബോൾട്ടും ഇല്ലാത്ത തൃശൂർ എന്ന വണ്ടിയിൽ കയറാൻ തന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡിസിസി പ്രസിഡന്റ്‌ കെ.പ്രവീൺ കുമാർ അടക്കമുള്ളവർ ആയിരുന്നു അതിന് മുൻപന്തിയിൽ നിന്നതെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ വോട്ടുകൾ ബിജെപിയിലേക്ക് പോയത് ഇപ്പോഴും കോൺഗ്രസ് വിദ്വാന്മാർ അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ലാസ്റ്റ് ബസ് ആണെന്നും കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനെ വേദിയിൽ ഇരുത്തിയായിരുന്നു മുരളീധരന്‍റെ വിമർശനം.

SCROLL FOR NEXT