ജാമിയ മില്ലിയ ഇസ്‌ലാമിയ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിച്ചു. കോഴിക്കോടാണ് പുതിയ കേന്ദ്രം. തെക്കൻ ഇന്ത്യയിലെ ഏക പ്രവേശന കേന്ദ്രം കോഴിക്കോട് ജില്ലയിൽ പുനഃസ്ഥാപിച്ചതായി വി. സി മസ്ഹർ ഹാസിഫ് അറിയിച്ചു.
ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. തിരുവനന്തപുരം കേന്ദ്രത്തെയായിരുന്നു കേരളത്തിലെ വിദ്യാർഥികൾ പ്രധാനമായും പ്രവേശന പരീക്ഷക്കായി ആശ്രയിച്ചിരുന്നത്. കഴിഞ്ഞവർഷം വരെ തിരുവനന്തപുരത്ത് പരീക്ഷ കേന്ദ്രം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ തിരുവനന്തപുരത്തെ ഒഴിവാക്കി പകരം ഭോപ്പാലും മാലെഗാവും ഉൾപ്പെടുത്തുകയായിരുന്നു. സർവകലാശാലയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി ശശി തരൂർ എംപിയും, ഹാരിസ് ബീരാൻ എംപിയും രംഗത്തെത്തിയിരുന്നു.
"ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി (ജെഎംഐ) പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കി. ദക്ഷിണേന്ത്യയിലെ ഒരേയൊരു കേന്ദ്രമായിരുന്നു അത്! മാത്രമല്ല, നഗരത്തിൽ നിന്ന് കുറഞ്ഞത് 550 വിദ്യാർത്ഥികളെങ്കിലും പരീക്ഷ എഴുതാറുണ്ടായിരുന്നു," ശശി തരൂർ എക്സിൽ കുറിച്ചു. ജെഎംഐ യൂണിവേഴ്സിറ്റി ദക്ഷിണേന്ത്യൻ വിദ്യാർഥികളെ വേണ്ടെന്ന് തീരുമാനിച്ചോ എന്നും ശശി തരൂർ ചോദിച്ചു. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് എല്ലാവർഷവും ജാമിയ മില്ലിയ പ്രവേശനത്തിന് അപേക്ഷിക്കുന്നത്. ഇതിനുപിന്നാലെയാണ് കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ച കൊണ്ടുള്ള ഉത്തരവിറക്കിയത്.