NEWSROOM

ഉത്സവപറമ്പിലെ സ്ഥല പരിമിതി കൂടുതല്‍ അപകടത്തിന് ഇടയാക്കി; കൊയിലാണ്ടിയിൽ ഇടഞ്ഞ ആനകൾ കമ്മിറ്റി ഓഫീസും തകര്‍ത്തു

ദുഃഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 9 വാര്‍ഡുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ വിരണ്ട ആനകള്‍ സമീപമുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസും തകര്‍ത്ത ശേഷമാണ് ഓടിയത്. ഉത്സവപറമ്പിലെ സ്ഥല പരിമിതി കൂടുതല്‍ അപകടത്തിന് ഇടയാക്കി. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് പിന്നില്‍ നിന്ന ആന വിരണ്ടതെന്നാണ് കണക്കാക്കുന്നത്. ഈ ആന മുന്നില്‍ നിന്ന ആനയെ കുത്തുകയും രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു.

അപകടത്തില്‍ നിലവില്‍ മൂന്ന് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറുവങ്ങാട് സ്വദേശികളായ ലീല (85), അമ്മുക്കുട്ടി (85), രാജന്‍ വടക്കായി എന്നിവരാണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ചിതറിയോടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. മരിച്ച സ്ത്രീകളുടെ മൃതദേഹം കോഴിക്കോട് മേഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് അല്‍പ സമയത്തിനകം എത്തിക്കും. ദുഃഖാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 17,18,25,26,27,28,29,30,31 എന്നീ വാര്‍ഡുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) യോടും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രത്യേക ക്രമീകരണം ഒരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

SCROLL FOR NEXT