NEWSROOM

"ഡോക്ടർ കെ.വി. പ്രീതി ഉൾപ്പെടെ ഉള്ളവരെ പ്രതിചേർക്കണം"; ഐജിക്ക് പരാതി നൽകി ഐസിയു പീഡനക്കേസ് അതിജീവിത

നടക്കാവിലെ ഉത്തര മേഖല ഐജി രാജ്പാൽ മീണയുടെ ഓഫീസിൽ എത്തിയാണ് അതിജീവിത പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസ് അതിജീവിത ഐ ജിക്ക് മുന്നിൽ പരാതി നൽകി. ഡോക്ടർ കെ.വി. പ്രീതി ഉൾപ്പെടെ ഉള്ളവരെ പ്രതിചേർക്കണം എന്നാവശ്യപ്പെട്ടാണ് അതിജീവിത ഉത്തരമേഖല ഐ ജി രാജ്പാൽ മീണയ്ക്ക് പരാതി നൽകിയത്. നടക്കാവിലെ ഉത്തര മേഖല ഐജി രാജ്പാൽ മീണയുടെ ഓഫീസിൽ എത്തിയാണ് അതിജീവിത പരാതി നൽകിയത്.

ഡോ. കെ.വി. പ്രീതി, മുൻ പ്രിൻസിപ്പൽ ഡോ. ഗോപി , ആർഎംഒ , ഐഎംസിഎച്ച് സൂപ്രണ്ട് , ഗൈനക്കോളജി എച്ച്ഒഡി, നേഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്ന് അതിജീവിത പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു എന്നും, മുഖ്യമന്ത്രിയെ നേരിൽ കണ്ടും പരാതി നൽകുമെന്നും അതിജീവിത വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് ഐസിയു പീഡന കേസിൽ അതിജീവിതയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയതില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായി. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഈ അപേക്ഷ ഗൗരവത്തിൽ എടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയവേ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. നീതി വൈകിപ്പിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അതിജീവിത കോടതിയെ സമീപിച്ചു. ചികിത്സയിൽ തുടർന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫീസർ തുടങ്ങിയവർ ചേർന്ന് മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയർന്നിരുന്നു.

SCROLL FOR NEXT