NEWSROOM

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍

ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍മാര്‍ എന്നിവര്‍ ആണ് സമിതിയില്‍.

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതിയില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി കോളേജ് പ്രിന്‍സിപ്പാള്‍. ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ പ്രൊഫസര്‍മാര്‍ എന്നിവര്‍ ആണ് സമിതിയില്‍.

കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനി(57) ആണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാ പിഴവ് മൂലമാണ് വിലാസിനി മ രിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഗര്‍ഭപാത്രം മാറ്റുന്നതിനിടെ കുടലിന് പോറല്‍ ഉണ്ടായെന്ന് ഡോക്ടര്‍ തന്നെ ഏറ്റു പറഞ്ഞതായും കുടുംബം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് തന്നെ രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ സമയത്ത് ഗര്‍ഭാശയവും അണ്ഡാശയവും തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഭാഗം വിടര്‍ത്തുമ്പോള്‍ വന്‍കുടലിന്റെ ഭാഗത്ത് ഒരു ക്ഷതം കണ്ടെത്തുകയും അപ്പോള്‍ തന്നെ ജനറല്‍ സര്‍ജനെ വിളിച്ചുവരുത്തി ലാപ്രോസ്‌കോപ്പി വഴി ആ ക്ഷതം തുന്നിച്ചേര്‍ക്കുകയും ചെയ്തുവെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ രക്തസ്രാവം ഉണ്ടായെന്ന് സംശയിച്ചതിനാല്‍ ജനറല്‍ സര്‍ജന്‍ അടിയന്തരമായി വയര്‍ തുറന്ന് ശസ്ത്രക്രിയ ചെയ്യുകയും കുടലില്‍ തുന്നല്‍ ഇട്ട ഭാഗത്ത് ലീക്ക് കാണുകയും വേണ്ട ചികിത്സ ഉറപ്പുവരുത്തിയെന്നുമാണ് വിശദീകരണ കുറിപ്പില്‍ പറയുന്നത്.

മാര്‍ച്ച് ഏഴിനാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിയുടെ ഗര്‍ഭാശയവും അണ്ഡാശയവും നീക്കം ചെയ്തത്. എന്നാല്‍ തുടര്‍ന്ന് ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് പത്തിനാണ് തുറന്ന ശസ്ത്രക്രിയ നടത്തിയത്. ഫീക്കല്‍ പെരിറ്റൊണൈറ്റിസ് എന്ന അവസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുറന്ന ശസ്ത്രക്രിയ നടത്തിയത്.

ഇതിന് ശേഷം രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും രോഗിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മാര്‍ച്ച് 12ന് മരിച്ചെന്നും മെഡിക്കല്‍ കോളേജ് വിശദീകരണ കുറിപ്പില്‍ പറയുന്നു.

SCROLL FOR NEXT