NEWSROOM

സാഹിത്യനഗരമാകാന്‍ കോഴിക്കോട്; യുനെസ്കോയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ചടങ്ങിൽ എം.ടി. വാസുദേവൻ നായർക്ക് കോഴിക്കോട് കോർപ്പറേഷൻ വജ്രജൂബിലി പുരസ്കാരം സമർപ്പിക്കും

Author : ന്യൂസ് ഡെസ്ക്

യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമാവാനൊരുങ്ങി കോഴിക്കോട്. ഇന്ന് വൈകുന്നേരം 5 മണിക്ക് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കും. ചടങ്ങിൽ എം.ടി. വാസുദേവൻ നായർക്ക് കോഴിക്കോട് കോർപ്പറേഷൻ്റെ വജ്രജൂബിലി പുരസ്കാരം സമർപ്പിക്കും. ടൂറിസം വകുപ്പ് മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് സാഹിത്യ നഗരത്തിൻ്റെ ലോഗോയുടെയും വെബ്സൈറ്റിൻ്റെയും പ്രകാശനം നിർവഹിക്കും.

2023 ഒക്ടോബർ 31നാണ് യുനെസ്കോ കോഴിക്കോടിനെ സാഹിത്യ നഗരമായി അംഗീകരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി കോർപ്പറേഷന്റെ നേതൃത്വത്തിൽ നഗരത്തെ യുനെസ്‌കോയുടെ സാഹിത്യ നഗരം പട്ടികയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനത്തിൻ്റെ ആഹ്ളാദസൂചകമായി മിഠായി തെരുവിലെ എസ് കെ പൊറ്റക്കാട് പ്രതിമയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പുസ്തക വായനയിൽ കോർപ്പറേഷൻ കൗൺസിലർമാരും യുവജന വിദ്യാർഥി സംഘടനകളും വിദ്യാർഥികളും പങ്കാളികളായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ മധുര വിതരണവും, പുസ്തകശാലകളിൽ 40 ശതമാനം വിലക്കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT