NEWSROOM

'ലെഫ്റ്റ് അടിച്ച് സരിന്‍'; 'റിമൂവ്' ചെയ്ത് കെപിസിസി

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്

Author : ന്യൂസ് ഡെസ്ക്

ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന പി. സരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, സരിനെ പുറത്താക്കി കെപിസിസി. ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇനി ഇടതുപക്ഷത്തിനൊപ്പമാണെന്ന് പി. സരിന്‍ അറിയിച്ചത്.

തന്റെ പുതിയ ഇടം ഇടതുപക്ഷമാണെന്നാണ് സരിന്‍ നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം ഔദ്യോഗികമായി ഇടതുപക്ഷത്തോട് ആവശ്യപ്പെടുന്നുവെന്നും സരിന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ സരിനെ പുറത്താക്കി കെപിസിസി പത്രക്കുറിപ്പും പുറത്തിറക്കി.


ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് സരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സരിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു.


സരിന്‍ ഇന്ന് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെ, സരിനെ കൈവിട്ടെന്ന സൂചന സുധാകരനും നല്‍കിയിരുന്നു. സരിന് പോയെ മതിയാകൂ എന്ന് പറഞ്ഞാല്‍ എന്ത് പറയാനാണ്. ആരും അദ്ദേഹത്തില്‍ നിന്ന് ഇത് പ്രതീക്ഷില്ല. പോകുന്നവര്‍ പോകട്ടെ, ആരെയും പിടിച്ചുകെട്ടി നിര്‍ത്താന്‍ പറ്റില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

സരിനെതിരെ നടപടിയെടുക്കുമോ എന്ന കാര്യത്തില്‍, വിട്ടുപോകുന്ന ആള്‍ക്കെതിരെ നടപടി എടുത്തിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.

വി.ഡി സതീശനെതിരെ ആഞ്ഞടിച്ചായിരുന്നു സരിൻ്റെ ഇന്നത്തെ വാർത്താ സമ്മേളനം. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസുമായി ഇടയാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സരിന്‍ പത്രസമ്മേളനം ആരംഭിച്ചത്.

വി.ഡി സതീശന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം തകര്‍ത്തത്. താന്‍ പോരിമയും ധിക്കാരവും മുഖമുദ്രയാക്കിയ സതീശന്, രാജഭരണത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നും സരിന്‍ ആരോപിച്ചു. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും സരിന്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. വളര്‍ന്നു വരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നായിരുന്നു സരിന്റെ പരിഹാസം.

SCROLL FOR NEXT