2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ പാർട്ടിക്ക് വീഴ്ച പറ്റിയതായി കെപിസിസി റിപ്പോർട്ട്. തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കെ.സി. ജോസഫ്,ടി. സിദ്ദിഖ് എന്നിവരടങ്ങുന്ന സമിതിയുടേതാണ് റിപ്പോർട്ട്. അതേസമയം ആർക്കെതിരെയും നടപടി നിർദേശിക്കാതെയാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
തൃശൂരിലെ തോൽവി പരിശോധിക്കുന്നതിനായാണ് കെപിസിസി അന്വേഷണ സമിതിയെ നിയോഗിച്ചത്. തൃശൂരിലും ചേലക്കരയിലും വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. മണ്ഡലത്തിലെ വോട്ട് ചേർക്കുന്നതിലും വീഴ്‌ച പറ്റി. സ്ഥാനാർഥി പ്രഖ്യാപനം, പെട്ടെന്നുണ്ടായ സ്ഥാനാർഥി മാറ്റം തുടങ്ങിയ വിഷയങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കി.
തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി നേതൃത്വത്തിനെതിരെ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങളുയർന്നിരുന്നു. വിഷയത്തിൽ ആരംഭിച്ച വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുന്ന സാഹചര്യം വരെയുണ്ടായെങ്കിലും കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഈ വിഷയങ്ങൾ പരാമർശിച്ചിട്ടില്ലെന്നാണ് സൂചന.
അതേസമയം തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടിയാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി. സംസ്ഥാന പൊലീസിൻ്റെ ഒത്താശയോടെയായിരുന്നു പൂരം കലക്കിയത്. പൂരത്തിനെത്തി പ്രശ്നപരിഹാരം കണ്ടതോടെ സുരേഷ് ഗോപിയാണ് പൂരത്തിന് നേതൃത്വം നൽകിയതെന്ന പ്രതീതി ജനങ്ങൾക്കുണ്ടായി. ഇതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായ പ്രധാന ഘടകമെന്നും റിപ്പോർട്ടിൽ പറയുന്നു.