NEWSROOM

എൻ.എം. വിജയൻ്റെ മരണം: കെപിസിസി അന്വേഷണ ഉപസമിതി നാളെ വയനാട്ടിൽ

തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തുന്നത്. ടി.എൻ. പ്രതാപൻ, സണ്ണി ജോസഫ് MLA, കെ.ജയന്ത് എന്നിവരാണ് സമിതിയിലുള്ളത്

Author : ന്യൂസ് ഡെസ്ക്

പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് എൻ.എം. വിജയൻ്റെ കുടുംബം പറയുന്നതിനിടയിൽ വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ ആത്മഹത്യ അന്വേഷിക്കുന്ന കെപിസിസി അന്വേഷണ ഉപസമിതി നാളെ വയനാട്ടിൽ എത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തുന്നത്. ടി.എൻ. പ്രതാപൻ, സണ്ണി ജോസഫ് MLA, കെ.ജയന്ത് എന്നിവരാണ് സമിതിയിലുള്ളത്.



അന്വേഷണ ഉപസമിതി നാളെ പത്തുമണിക്ക് വയനാട് ഡിസിസിയിൽ എത്തും. ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉപസമിതി തെളിവെടുപ്പ് നടത്തും. തുടർന്ന് എൻ.എം. വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിക്കും. തുടർന്നായിരിക്കും റിപ്പോർട്ട് സമർപ്പണം.



അതേസമയം പാർട്ടിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നാണ് എൻ.എം. വിജയൻ്റെ കുടുംബത്തിൻ്റെ പക്ഷം. അച്ഛൻ്റെ വാക്കിൻ്റെ പുറത്താണ് വി.ഡി. തീശനെ കാണാൻ പോയതെന്ന് എൻ.എം. വിജയൻ്റെ മകൻ വിജേഷ് പറയുന്നു. പാർട്ടി നേതാക്കളിൽ നിന്ന് നീതി കിട്ടുമെന്ന കാര്യത്തിൽ പ്രതീക്ഷയില്ല. അച്ഛൻ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താൻ ചെയ്തതെന്നും വിജേഷ് വ്യക്തമാക്കി.

രാഷ്ട്രീയമല്ല, പൊലിഞ്ഞ രണ്ട് ജീവനുകൾ മാത്രമാണ് പ്രശ്നമെന്നും വിജേഷ് ചൂണ്ടിക്കാട്ടി. ഒരിക്കലും വാക്ക് മാറ്റി പറയില്ല. മരണശേഷവും അച്ഛന് പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ല. ഒരുവട്ടം പോലും സംസാരിക്കാൻ നേതാക്കൾ തയ്യാറായിട്ടില്ലെന്നും വിജേഷ് ആരോപിച്ചു.

സംസ്ഥാന നേതാക്കൾ ഉൾപ്പെടെ വിജയൻ്റെ മരണത്തെ നിസാരമായി കാണുന്നെന്നാണ് കുടുംബത്തിൻ്റെ വാദം. കെ. സുധാകരനെയും വി.ഡി. സതീശനെയും നേരിട്ട് പോയി കണ്ടതാണ്. കത്ത് വായിച്ചിട്ടു പോലുമില്ലെന്നാണ് സുധാകരൻ ഇപ്പോൾ പറയുന്നത്. ചെന്ന് കണ്ടപ്പോഴുള്ള സതീശൻ്റെ പെരുമാറ്റം പൊതുസമൂഹത്തിൽ പോലും പറയാൻ പറ്റാത്തതാണെന്നും കുടുംബം ആരോപിച്ചിരുന്നു. കത്ത് വ്യാജമായി ഉണ്ടാക്കിയതെന്നാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്. നേതാക്കളുടെ പെരുമാറ്റം ഒരിക്കലും പ്രതീക്ഷിക്കാത്തതെന്നും ഇനി നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും വിജേഷും കുടുംബവും വ്യക്തമാക്കിയിരുന്നു.

എന്നാൽ കുടുംബം അന്തവും കുന്തവും ഇല്ലാതെ എന്തൊക്കെയോ പറയുകയാണെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ്റെ പ്രസ്താവന. കെപിസിസി അന്വേഷണ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കെ. സുധാകരൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല. എന്നാൽ ആരോപണം ഉയർന്നപ്പോൾ എല്ലാവരും തൂങ്ങുമെന്ന് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

അന്വേഷണത്തിലൂടെ സത്യാവസ്ഥ അറിഞ്ഞശേഷം പ്രതികരിക്കാമെന്നാണ് വി.ഡി. സതീശനും പറയുന്നത്. തനിക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നും നേതൃത്വം പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നൽകിയിരുന്നു. എൻ. എം വിജയൻ്റെ മരണത്തിന് ഉത്തരവാദിയായ ആരേയും സംരക്ഷിക്കില്ലെന്നും,പാർട്ടി അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കെ. മുരളീധരനും അറിയിച്ചു.

SCROLL FOR NEXT