NEWSROOM

'സംഘർഷ ഘടന'യുമായി കൃഷാന്ദ് വരുന്നു; ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്ത്

അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ 'ആര്‍ട്ട് ഓഫ് വാര്‍' എന്ന രചനയെ ആസ്പദമാക്കിയുള്ള സിനിമയാണ് 'സംഘര്‍ഷ ഘടന'

Author : ന്യൂസ് ഡെസ്ക്

ദേശീയ പുരസ്‌കാര ജേതാവായ കൃഷാന്ദ് ആര്‍.കെ സംവിധാനം ചെയ്ത 'സംഘര്‍ഷ ഘടന' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചൈനീസ് ജനറലായ സുങ് ത്സുവിന്റെ 'ആര്‍ട്ട് ഓഫ് വാര്‍' എന്ന രചനയെ ആസ്പദമാക്കിയുള്ള സിനിമയാണ് 'സംഘര്‍ഷ ഘടന'. ലോകം യുദ്ധവെറിയുടെ ഭീകരതയില്‍ നില്‍ക്കുമ്പോള്‍, മൂവായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് യുദ്ധങ്ങള്‍ എങ്ങനെ വേണമെന്ന് ഒരു പുസ്തകം പറഞ്ഞുവച്ചതിനെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് ചിത്രത്തില്‍ സംവിധായകന്‍.

വിഷ്ണു അഗസ്ത്യ, സനൂപ് പടവീടൻ, രാഹുൽ രാജഗോപാൽ, ഷിൻസ് ഷാൻ, സിലേഷ് കെ. ലക്ഷ്മി, മൃദുല മുരളി, ജെയിൻ ആൻഡ്രൂസ്, അഖിൽ രാജ്, എവെയ്ൻ ജോബിൻ, പൊന്നൻ തേവര, മനോജ് കാന, സീജൻ, ശ്രീ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്രയാഗ് മുകുന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എഡിറ്റിങ്ങും തിരക്കഥയും സംവിധായകന്‍ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.  കാർത്തിക് എസ്. കുമാറാണ് കലാ സംവിധാനം. 

ചിത്രം 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. മൂന്നാം തവണയാണ് കൃഷാന്ദിന്റെ ഒരു ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദർശിപ്പിക്കുന്നത്. വൃത്താകൃതിയിലുള്ള ചതുരം (2018), ആവാസവ്യൂഹം (2021) എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മറ്റു ക്രിഷാന്ദ് ചിത്രങ്ങൾ. സോണി ലിവിൽ വന്ന 'പുരുഷ പ്രേത'മാണ് കൃഷാന്ദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നിലവില്‍ കൃഷാന്ദ് സോണി ലിവിന് വേണ്ടി ചെയ്ത നാലര സംഘം എന്ന വെബ് സീരീസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ജഗദീഷ്, ഇന്ദ്രന്‍സ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

കൊച്ചിയിലെ ഒരു ഗുണ്ടാ സംഘത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ആഗോളതലത്തില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ നിരവധി യുദ്ധങ്ങള്‍ കടന്നുവരുന്നുണ്ട്. രാജാവിന് യുദ്ധത്തേയും സൈന്യത്തെയും സംബന്ധിക്കുന്ന ഉപദേശങ്ങള്‍ നല്‍കുന്നതിനായി സണ്‍ ത്സു തയ്യാറാക്കിയ പുസ്തകത്തിലെ വരികളെ വിരുദ്ധ അര്‍ഥത്തില്‍ ഉപയോഗിക്കുകയാണ് ചിത്രത്തില്‍ ഉടനീളം. യുദ്ധ വെറിയുടെ ലോകത്ത് ഒരു മറുവായന സാധ്യമാകുമോ എന്ന പരീക്ഷിക്കുകയാണ് കൃഷാന്ദ്.

SCROLL FOR NEXT