വർക്കല അയിരൂരിൽ കെഎസ്ഇബി ഇരുട്ടിലാക്കിയ കുടുംബം 
NEWSROOM

ജീവനക്കാർ മദ്യപിച്ചെത്തിയെന്ന് പരാതി നൽകി; കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം

ശനിയാഴ്ച രാത്രി 11 മണിയോടെ വർക്കല അയിരൂരിൽ രാജീവിൻ്റെ വീട്ടിലാണ് സംഭവം നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വർക്കല അയിരൂരിൽ കുടുംബത്തെ വീണ്ടും ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം. വൈദ്യുതി തകരാർ പരിഹാരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ചെന്ന് പരാതി നൽകിയതിനെ തുടർന്നാണ് കെഎസ്ഇബിയുടെ പ്രതികാര നടപടി. സംഭവം വിവാദമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനസ്ഥാപിച്ചു. വൈദ്യുതി മന്ത്രിയും എംഎൽഎയും ഉൾപ്പെടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇപ്പോഴിതാ, ജോലിതടസം സൃഷ്ടിച്ചെന്ന് കാണിച്ച് പരാതി നൽകിയിരിക്കുകയാണ് കെഎസ്ഇബി.

ശനിയാഴ്ച രാത്രി 11 മണിയോടെ വർക്കല അയിരൂരിൽ രാജീവിൻ്റെ വീട്ടിലാണ് സംഭവം. വീട്ടുകാര്‍ ഉറങ്ങാന്‍ പോയപ്പോഴാണ് സര്‍വീസ് കേബിളില്‍ നിന്ന് തീ പടരുന്നതായി അയല്‍വാസി വിളിച്ചു പറഞ്ഞത്. ഉടന്‍ വീട്ടുകാര്‍ കെഎസ്ഇബി ജീവനക്കാരെ വിളിച്ചു. അഗ്നിരക്ഷാസേനയെ വിളിക്കാനാണ് കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് വീട്ടുകാര്‍ക്ക് ആദ്യം ലഭിച്ച മറുപടി. പിന്നീട് ഏറെ സമയത്തിന് ശേഷമാണ് കെഎസ്ഇബി ജീവനക്കാര്‍ എത്തിയതെന്നും, ജീവനക്കാർ മദ്യപിച്ച് അശ്ലീലം പറയുകയായിരുന്നെന്നും കുടുംബം പറയുന്നു.

ഇതിനെതിരെ പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ വൈദ്യുതി തകരാർ പരിഹരിക്കാതെ ജീവനക്കാർ മടങ്ങി.  പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്ന് അസിസ്റ്റൻ്റ് എൻജീനിയർ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാൻ കഴിയാത്തതെന്ന് വർക്കല എംഎൽഎ അഡ്വ. വി. ജോയ് പറഞ്ഞു. കണക്ഷൻ നൽകിയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് എം.എൽ.എ പറഞ്ഞതിനു പിന്നാലെയാണ് വൈദ്യുതി തടസം പരിഹരിച്ചത്.

SCROLL FOR NEXT