NEWSROOM

തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം

പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കാനും തീരുമാനിച്ചു.

Author : ന്യൂസ് ഡെസ്ക്



തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനം. അപകടത്തില്‍ മരിച്ച കോടഞ്ചേരി കണ്ടപ്പഞ്ചാല്‍ വേലംകുന്നേല്‍ കമല, ആനക്കാംപൊയില്‍ പടിഞ്ഞാറക്കര തോയിലില്‍ ത്രേസ്യ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ പാസഞ്ചേഴ്‌സ് ഇന്‍ഷുറന്‍സ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പണം നല്‍കാന്‍ തീരുമാനമായത്.

പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി എംഎല്‍എയായ ലിന്റോ ജോസഫിനെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.


അന്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ നടത്തിയ ഇടപ്പെടലാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയത്. ആദ്യം പുറത്തെടുത്തവരെ സ്വകാര്യ വാഹനങ്ങളില്‍ നാട്ടുകാര്‍ ആശുപതിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപതിയില്‍ എത്തിച്ചു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും പുഴയില്‍ മുങ്ങിപോയിരുന്നു.

കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തില്‍ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കില്‍ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.



SCROLL FOR NEXT