ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി കൊക്കയിൽ മറിഞ്ഞ് അപകടം ഉണ്ടായത് ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതുമൂലം. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ ആർ രാജീവ് കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളവിൽ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.ബസ് ഇടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് രാജീവ് കുമാർ പറഞ്ഞു. താൻ ആവശ്യത്തിന് വിശ്രമിച്ചാണ് വാഹനം ഓടിച്ചതെന്നും രാജീവ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം അപകടത്തിൽ മരണം നാലായി. തഞ്ചാവൂരിൽ നിന്ന് മാവേലിക്കരയിലേക്ക് മടങ്ങിവരികയായിരുന്ന വിനോദയാത്രാ സംഘമാണ് അപകടത്തിൽ പെട്ടത് .മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചവരെ മന്ത്രിമാരായ വി.എൻ വാസവനും, റോഷി അഗസ്റ്റിനും സന്ദർശിച്ചു.
ഇന്നലെ വെളുപ്പിന് മൂന്ന് മണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്.കുട്ടികൾ ഉൾപ്പടെ 34 പേരാണ് ബസിലുണ്ടായിരുന്നത്
ഇവർക്കൊപ്പം മൂന്ന് ksrtc ജീവനക്കാരും ഉണ്ടായിരുന്നു. രണ്ട് ഡ്രൈവർ മാരും ഒരു കോർഡിനേറ്ററുമാണ് ഉണ്ടായിരുന്നത്. സംഘം കമ്പം - തേനി- തഞ്ചാവൂർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മടങ്ങി വരികയായിരുന്നു.ഇന്ന് പുലർച്ചെ ആറിന് മാവേലിക്കരയിൽ തിരിച്ചു എത്തേണ്ട ബസ് ആണെന്നും കെഎസ്ആർടിസി മാവേലിക്കര Ksrtc കൺട്രോളിംഗ് ഇൻസ്പെക്ടർ ആർ. റെജി കുമാർ പറഞ്ഞു.
ഇന്ന് രാവിലെ 6.15ഓടെയാണ് ദുരന്തമുണ്ടാവുന്നത്. പുല്ലുപാറയ്ക്ക് സമീപത്തുള്ള വളവിൽ നിന്നും റോഡിൽ നിന്ന് തെന്നി മാറിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. വിനോദസഞ്ചാര സംഘമുൾപ്പെടെ 34 പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരടക്കം ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.