കൊച്ചി തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോലപ്പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. കണ്ണംകുളങ്ങര ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലെത്തിയ ആളുകൾ ബസ് ഡ്രൈവറെ മർദിക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നൽകാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനിടയാക്കിയത്.
രാവിലെ എട്ടരയോടെ എറണാകുളത്തു നിന്ന് കട്ടപ്പനയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി തൃപ്പുണിത്തുറയിലെത്തിയപ്പോഴാണ് സംഭവം. ബസിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ടതോടെ വാഹനത്തിൽ നിന്നു പുറത്തിറങ്ങിയ ഒരാൾ ഡ്രൈവറെ മർദിക്കുകയായിരുന്നു. മർദനത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. അസഭ്യം പറഞ്ഞുകൊണ്ടാണ് മർദിച്ചതെന്ന് ഡ്രൈവർ പറയുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.